kerala

‘സ്വര്‍ണ കവര്‍ച്ചയില്‍ തനിക്ക് പങ്കില്ല’; ജാമ്യഹര്‍ജിയില്‍ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍

By webdesk18

December 22, 2025

തിരുവനന്തപുരം: സ്വര്‍ണ കവര്‍ച്ചയില്‍ തനിക്ക് പങ്കില്ലെന്ന് ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കി. അയ്യപ്പ ഭക്തനായ താന്‍ സ്വര്‍ണമായും പണമായും ശബരിമലയിലേക്കാണ് സംഭാവന നല്‍കിയത്. ഒരു കോടിയിലധികം രൂപ നല്‍കി. പാളികള്‍ സ്വര്‍ണം പൂശിയ ശേഷവും അന്നദാനത്തിനും പണം നല്‍കി. സ്വര്‍ണമാലയും അയ്യപ്പന് സമര്‍പിച്ചു. ഇതിന് ശേഷം തന്റെ കൈയില്‍ നിന്ന് 80 ലക്ഷം മൂല്യമുള്ള സ്വര്‍ണം എസ്‌ഐടി ഭീഷണിപ്പെടുത്തി വാങ്ങിയെന്ന് ഗോവര്‍ധന്‍ ആരോപിച്ചു. ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. കണക്കുകളും ചെമ്പ് പാളിയുടെചിത്രങ്ങളും ഉള്‍പ്പെടെയാണ് ജാമ്യ ഹര്‍ജി.

അതിനിടയില്‍ ബെല്ലാരി ഗോവര്‍ദ്ധനെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് എസ്‌ഐടി. റിമാന്‍ഡില്‍ കഴിയുന്ന സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയേയും എസ്‌ഐടി ചോദ്യം ചെയ്യും. രണ്ട് പേരെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഇന്ന് കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയേക്കും. ശബരിമലയിലെ സ്വര്‍ണപാളികളില്‍ നിന്ന് വേര്‍തിരിച്ച് എടുത്ത സ്വര്‍ണം ആര്‍ക്ക് വിറ്റുവെന്ന് കണ്ടത്താനാണ് എസ്‌ഐടി ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങുന്നത്. സ്വര്‍ണം വില്‍ക്കുന്നതിന് ഇടനിലക്കാരനായ കല്‍പ്പേഷിനെയും എസ്‌ഐടി വൈകാതെ ചോദ്യം ചെയ്യാന്‍ വിളിക്കും. അതോടൊപ്പം മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ ചോദ്യം ചെയ്യലും വൈകാതെ ഉണ്ടാകും.