ഒരുതരത്തിലും ലീഗ് വഴങ്ങാത്തതിനാലാണ് ലീഗിനെ വര്‍ഗീയപാര്‍ട്ടിയെന്ന് സി.പി.എം അധിക്ഷേപിക്കുന്നതെന്ന്് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. ലീഗിനെ ഒതുക്കിയെടുത്ത് കൂടെനിര്‍ത്താന്‍ സിപിഎം പലവട്ടം ശ്രമം നടത്തിയിട്ടുണ്ടെന്നും ലീഗ് വലിയ വര്‍ഗീയ പാര്‍ട്ടിയാണെങ്കില്‍ അവരെയും കൂട്ടി ഭരണം നടത്തിയവരല്ലേ സി.പി.എം എന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

തങ്ങള്‍ തൊടുന്നതൊക്കെ പൊന്നും മറ്റുള്ളവര്‍ തൊടുന്നതെല്ലാം മുക്കുപണ്ടവുമാണെന്ന അവസരവാദനയമാണ് സിപിഎമ്മിന്റെതെന്നും സുധാകരന്‍ വ്യക്തമാക്കി. കെ.എം. മാണിയെ പോലെ ഒരു വ്യക്തിയെ നശിപ്പിക്കാനും തകര്‍ക്കാനും പ്രചാരണം നടത്തിയത് ഓര്‍മയില്ലേ എന്നും നിലവില്‍ ലീഗ് ഇടതുപക്ഷത്തേക്ക് പോകാന്‍ തയ്യാറായാല്‍ നാലു കൈയും നീട്ടി സിപിഎം സ്വീകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

മുണ്ട് മാടിക്കെട്ടി വി. ശിവന്‍കുട്ടി സഭയുടെ മേശപ്പുറത്ത് കാണിച്ച കോപ്രായങ്ങള്‍ കേരളം മറന്നിട്ടില്ലെന്നും ശേഷം ആ പാര്‍ട്ടിയെയും കൂട്ടിയാണ് ഭരണം നടത്തുന്നതെന്നും ഓര്‍മപ്പെടുത്തി. നാണമോ മാനമോ അന്തസ്സോ ഇല്ലാത്ത രാഷ്ട്രീയകക്ഷി ഏതാണെന്ന് ചോദിച്ചാല്‍ സി.പി.എം എന്നു മാത്രമേ അതിന് ഉത്തരമുള്ളൂവെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.