kerala

ഗൃഹനാഥനെ തടഞ്ഞ് എടിഎം കാർഡ് പിടിച്ചുവാങ്ങി പണം കവർന്നു; മൂന്ന് പേർ കസ്റ്റഡിയിൽ

By webdesk18

December 25, 2025

കാസർഗോഡ്: കാസർഗോഡ് നെല്ലിക്കുന്നിയിൽ ഗൃഹനാഥനെ തടഞ്ഞുനിർത്തി എടിഎം കാർഡും പേഴ്‌സും പിടിച്ചുവാങ്ങി പണം കവർന്ന സംഭവത്തിൽ മൂന്ന് പേരെ കാസർഗോഡ് ടൗൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആലമ്പാടി സ്വദേശി കമറുദ്ധീനിൽ നിന്നാണ് ഒരു ലക്ഷം രൂപ നഷ്ടമായത്. ബുധനാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം.

നെല്ലിക്കുന്നിയിൽ വെച്ച് നാലംഗ സംഘം കമറുദ്ധീനെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി പേഴ്‌സും എടിഎം കാർഡും പാസ്‌വേഡും കൈക്കലാക്കിയെന്നാണ് പരാതി. തുടർന്ന് എടിഎമ്മിൽ നിന്ന് 99,000 രൂപയും പേഴ്‌സിലുണ്ടായിരുന്ന 2,000 രൂപയും സംഘം കവർന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കമറുദ്ധീൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

സംഭവത്തിൽ കാസർഗോഡ് ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്തുവരുന്നതായും, മറ്റ് പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.