Health

‘തലവേദന ഭീഷണിയല്ല, ജാഗ്രതയാണ് മരുന്ന്’: മൈഗ്രെയ്ന്‍ മുതല്‍ അപകട സൂചനകള്‍ വരെ— അറിയേണ്ടതെല്ലാം

By sreenitha

January 12, 2026

തലവേദന അനുഭവിക്കാത്തവരായി വിരളം. ചിലപ്പോള്‍ അത്രമേല്‍ കഠിനമായ തലവേദന ദിനചര്യ തന്നെ താളം തെറ്റിക്കും. എന്നാല്‍ ആശ്വാസകരമായ വസ്തുതയുണ്ട്— 98 ശതമാനം തലവേദനകളും അപകടകരമല്ല. ശരിയായ രോഗനിര്‍ണയവും ചികിത്സയും ഉണ്ടെങ്കില്‍ ഭൂരിഭാഗം തലവേദനകളും എളുപ്പത്തില്‍ നിയന്ത്രിക്കാനാകും.

ഡോക്ടര്‍മാരുടെ വിലയിരുത്തലില്‍ തലവേദനയുടെ പ്രധാന കാരണങ്ങളില്‍ 80 ശതമാനവും പിരിമുറുക്കം മൂലമുള്ളതാണ്. മൈഗ്രെയ്ന്‍ (ചെന്നിക്കുത്ത്) 15 ശതമാനം വരെ വരുന്നു. സൈനസൈറ്റിസ്, ക്ലസ്റ്റര്‍ തലവേദന തുടങ്ങിയവയും മറ്റു കാരണങ്ങളാണ്.

എന്നാല്‍ ചില തലവേദനകള്‍ അപകട സൂചനകളായേക്കാം. പെട്ടെന്ന് തുടങ്ങുന്ന അതികഠിന വേദന, ദിവസങ്ങളോളം ക്രമേണ വര്‍ധിക്കുന്ന തലവേദന, ഛര്‍ദ്ദി, ഫിറ്റ്‌സ്, ഒരു വശത്ത് ബലഹീനത, ബോധം നഷ്ടപ്പെടല്‍, കാഴ്ചയിലോ പെരുമാറ്റത്തിലോ മാറ്റങ്ങള്‍ എന്നിവയോടൊപ്പമുള്ള തലവേദനകള്‍ ഗൗരവമായി കാണണം. ലളിതമായ വേദനസംഹാരികള്‍ക്ക് വഴങ്ങാത്ത തലവേദനകളും പരിശോധന അനിവാര്യമാക്കുന്നു.

ഇതില്‍ ഏറ്റവും കൂടുതല്‍ ആളുകളെ ബുദ്ധിമുട്ടിക്കുന്നതിലൊന്നാണ് മൈഗ്രെയ്ന്‍. ആഗോളതലത്തില്‍ 15 ശതമാനം ആളുകള്‍ക്ക് ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ മൈഗ്രെയ്ന്‍ അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. നെറ്റിത്തടത്തില്‍ വിങ്ങലോടെ ആരംഭിക്കുന്ന ഈ വേദന മണിക്കൂറുകളില്‍ നിന്ന് ദിവസങ്ങളോളം നീണ്ടുനില്‍ക്കാം. മനംപുരട്ടല്‍, ഛര്‍ദ്ദി, വെളിച്ചം-ശബ്ദ അസഹിഷ്ണുത എന്നിവയും അനുബന്ധമായി കാണപ്പെടും.

പാരമ്പര്യം, ഹോര്‍മോണ്‍ വ്യതിയാനം, മാനസിക സമ്മര്‍ദ്ദം, വിശപ്പ്, ഉറക്കക്കുറവ്, ചില ഭക്ഷണങ്ങള്‍, സൂര്യപ്രകാശം, രൂക്ഷഗന്ധങ്ങള്‍ തുടങ്ങിയവയാണ് മൈഗ്രെയ്ന്‍ ഉണര്‍ത്തുന്ന പ്രധാന ഘടകങ്ങള്‍. സ്ത്രീകളിലാണ് മൈഗ്രെയ്ന്‍ കൂടുതലായി കണ്ടുവരുന്നത്.

ചികിത്സയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ട്രിഗര്‍ ഘടകങ്ങള്‍ തിരിച്ചറിഞ്ഞ് ഒഴിവാക്കുക എന്നതാണ്. വേദന തുടങ്ങുന്ന ആദ്യഘട്ടത്തില്‍ തന്നെ മരുന്ന് കഴിക്കുമ്പോള്‍ ഫലപ്രാപ്തി കൂടുതലായിരിക്കും. ആവര്‍ത്തിച്ച് മരുന്നുകള്‍ അമിതമായി ഉപയോഗിക്കുന്നത് തന്നെ പുതിയ തലവേദനയ്ക്ക് കാരണമാകുമെന്നതിനാല്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്ന് ഉപയോഗിക്കുന്നത് അപകടകരമാണെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മരുന്നിനൊപ്പം ജീവിതശൈലി മാറ്റങ്ങളും മൈഗ്രെയ്ന്‍ നിയന്ത്രണത്തില്‍ നിര്‍ണായകമാണ്. ആവശ്യമായ ഉറക്കം, മാനസിക സമ്മര്‍ദ്ദ നിയന്ത്രണം, വ്യായാമം, യോഗ, റിലാക്സേഷന്‍ തെറാപ്പികള്‍ എന്നിവയും സഹായകരമാണ്.

തലവേദനയെ നിസാരമായി കാണാതെ, കാരണം കണ്ടെത്തി ശരിയായ ചികിത്സ സ്വീകരിക്കുകയാണ് ആരോഗ്യത്തിലേക്കുള്ള ഏറ്റവും സുരക്ഷിതമായ വഴി.