india

ഇന്ത്യയില്‍ നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ഏഷ്യയിലെ വിമാനത്താവളങ്ങളില്‍ ആരോഗ്യ പരിശോധന

By sreenitha

January 27, 2026

ബാങ്കോക്ക്: ഇന്ത്യയില്‍ നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ഏഷ്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ കോവിഡ് കാലത്തിന് സമാനമായ ആരോഗ്യ പരിശോധനകള്‍ പുനരാരംഭിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ പശ്ചിമ ബംഗാളില്‍ അഞ്ച് നിപ കേസുകള്‍ സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് നീക്കം.

തായ്ലന്‍ഡ്, നേപ്പാള്‍, തായ്വാന്‍ എന്നീ രാജ്യങ്ങളാണ് പരിശോധകള്‍ കര്‍ശനമാക്കിയതെന്നാണ് ബ്രിട്ടീഷ് മാധ്യമമായ ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും, അടുത്ത സമ്പര്‍ക്കത്തിലൂടെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാന്‍ സാധ്യതയുള്ള വൈറസാണിത്.

പശ്ചിമ ബംഗാളിലെ ഒരു ആശുപത്രിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഏകദേശം 100 പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിപ്പിച്ചിരുന്നു. ആദ്യം രോഗം സ്ഥിരീകരിച്ച രണ്ട് നഴ്‌സുമാരും നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്തവരായിരുന്നു. രോഗം സ്ഥിരീകരിച്ച അഞ്ചുപേരും ചികിത്സയിലാണ്. രോഗികളുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നവരെയാണ് ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ബാങ്കോക്കിലെ സുവര്‍ണഭൂമി, ഡോണ്‍ മ്യൂങ്, വിനോദസഞ്ചാര കേന്ദ്രമായ ഫുക്കറ്റ് എന്നീ പ്രധാന വിമാനത്താവളങ്ങളില്‍ പശ്ചിമ ബംഗാളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് കര്‍ശന പരിശോധന ഏര്‍പ്പെടുത്തി. ഇവിടങ്ങളില്‍ പനിയും മറ്റ് രോഗലക്ഷണങ്ങളും ഉണ്ടോ എന്ന് പരിശോധിക്കുകയും, അവര്‍ക്ക് ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കാര്‍ഡുകള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.

തായ്ലന്‍ഡില്‍ ഇതുവരെ നിപ്പ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പൊതുജനാരോഗ്യ മന്ത്രി അനുതിന്‍ ചാര്‍ണ്‍വിരകുല്‍ പറഞ്ഞു, എങ്കിലും നിരീക്ഷണം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാഠ്മണ്ഡു അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇന്ത്യയുമായുള്ള പ്രധാന അതിര്‍ത്തി പോസ്റ്റുകളിലുമാണ് നേപ്പാളില്‍ ആരോഗ്യ പരിശോധനകള്‍ കര്‍ശനമാക്കിയത്. നിപ രോഗബാധയെ അതീവ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് തായ്വാന്‍ ആലോചിക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്തി യാത്രക്കാര്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുതുക്കുമെന്നും അധികൃതര്‍ അറിയിച്ചു.