kerala

അമീബിക് മസ്തിഷ്‌കജ്വരം വര്‍ധിക്കുന്നതില്‍ ആരോഗ്യവകുപ്പ് നിഷ്ക്രിയം,വിഷയം നിയമസഭയില്‍ ഉന്നയിക്കും; വി.ഡി സതീശന്‍

By webdesk14

September 14, 2025

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം വര്‍ധിക്കുന്നതില്‍ ആരോഗ്യവകുപ്പ് നിഷ്‌ക്രിയമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. രോഗകാരണത്തെക്കുറിച്ച് ആരോഗ്യവകുപ്പിന് വ്യക്തതയില്ലെന്നും സര്‍ക്കാരിന് എങ്ങനെ നിസംഗമായിരിക്കാന്‍ കഴിയുമെന്നും സതീശന്‍ ചോദിച്ചു. നിയമസഭയില്‍ വിഷയം ഉന്നയിക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

അതേസമയം, അമീബിക് മസ്തിഷ്‌കജ്വര മരണത്തില്‍ സര്‍ക്കാര്‍ ജനങ്ങളോട് സത്യം പറയണമെന്ന് ഡോ.എസ്.എസ് ലാല്‍ പറഞ്ഞു. കണക്കില്‍ ഭയന്ന് കള്ളത്തരം കാണിക്കുന്നത് ആരോഗ്യരംഗത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അമീബിക്ക് മസ്തിഷ്‌ക ജ്വരം നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിച്ചാല്‍ ഭേദമാകാന്‍ സാധ്യത കൂടുതല്‍ ആണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍. കാലാവസ്ഥ വ്യതിയാനം മൂലമുള്ള സ്വാഭാവിക മാറ്റങ്ങളാണ് അമീബയുടെ സാന്നിധ്യം വര്‍ധിച്ചതിന് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പരിശോധന വര്‍ധിപ്പിച്ചത് കൂടുതല്‍ കേസുകള്‍ സ്ഥിരീകരിക്കുന്നതില്‍ പങ്ക് വഹിക്കുന്നുണ്ടെന്നും കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ പീഡിയാട്രിക് ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷലിസ്റ്റ് ഡോ.അബ്ദുല്‍ റഊഫ് പറയുന്നു.