editorial

ആരോഗ്യം അവകാശമാണ്, കച്ചവടമല്ല

By webdesk17

November 28, 2025

കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച സുപ്രധാനമായ വിധി, സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. പാവപ്പെട്ടവന്റെ ജീവനും ചികിത്സാ അവകാശങ്ങള്‍ക്കും മുന്‍ തൂക്കം നല്‍കുന്ന ഈ വിധി, സ്വകാര്യ ആശുപത്രികളിലെ ചൂഷണങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ സഹായിക്കുന്ന, പ്രതീക്ഷാനിര്‍ഭരവും സ്വാഗതാര്‍ഹവുമായ ഒരു നീക്കമാണ്. മുന്‍കൂര്‍ തുക അടയ്ക്കാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കരുത്. ആശുപത്രി വിടുമ്പോള്‍ എക്‌സ്‌റേ ഉള്‍പ്പെടെയുള്ള എല്ലാ പരിശോധനാഫലങ്ങളും രോഗിക്ക് കൈമാറണം എന്നീ രണ്ട് പ്രധാന നിര്‍ദ്ദേശങ്ങളാണ് കോടതി മുന്നോട്ടു വെച്ചിരിക്കുന്നത്. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ ഭാഗമായി നിരക്കുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സ്വകാര്യ ആശുപത്രി ഉടമകളും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐ.എം.എ) നല്‍കിയ അപ്പീല്‍ തള്ളിയാണ് സുപ്രധാന വിധി എന്നത് ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ‘ആരോഗ്യത്തോടെ ജീവിക്കുക’ എന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ്. പണമില്ലാത്തതിന്റെയോ രേഖകളിലെ സാങ്കേതികത്വത്തിന്റെ പേരിലോ ചികിത്സ നിഷേധിക്കരുത് എന്ന ഹൈക്കോടതിയുടെ ശക്തമായ നിര്‍ദ്ദേശം ഈ മൗലികാവകാശത്തെ ഉയര്‍ത്തിപ്പിടിക്കുന്നു. ജീവന്‍ രക്ഷാ സന്ദര്‍ഭങ്ങളില്‍ പോലും സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരില്‍ രോഗികളെ തിരിച്ചയക്കുകയോ, ചികിത്സക്ക് ശേഷം ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ മൃതദേഹം വിട്ടുകൊടുക്കാന്‍ വൈകിക്കുകയോ ചെയ്യുന്ന മനുഷ്യത്വരഹിതമായ നിരവധി സംഭവങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടായിട്ടുണ്ട്. കോടതി വിധി അത്തരം ദുരവസ്ഥകള്‍ക്ക് അറുതി വരുത്താന്‍ സഹായിക്കും. പണത്തേക്കാള്‍ വലുതാണ് മനുഷ്യജീവനെന്ന ഉദാത്തമായ കാഴ്ചപ്പാടാണ് ഇവിടെ കോടതി ഉയര്‍ത്തിപ്പിടിക്കുന്നത്.

ചികിത്സാ നിരക്കുകള്‍ ഏകീകരിക്കണമെന്ന ആവശ്യം കേരളത്തില്‍ ഏറെക്കാലമായി ഉയരുന്ന ഒന്നാണ്. പലപ്പോഴും ചികിത്സയുടെ അവസാനം, വലിയ തുകയുടെ ബില്ലുകള്‍ ലഭിക്കുമ്പോഴാണ് രോഗികളും ബന്ധുക്കളും സാമ്പത്തിക ബാധ്യതയുടെ ആഴം അറിയുന്നത്. ഒരേ ചികിത്സയ്ക്ക് പോലും ഓരോ ആശുപത്രികളിലും വ്യത്യസ്തവും അനിയന്ത്രിതവുമായ നിരക്കുകള്‍ ഈടാക്കുന്ന ഈ ‘കൊള്ള അവസാനിപ്പിക്കാന്‍ നിരക്കുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള നിര്‍ദ്ദേശം സഹായകമാകും. ഒരു സേവനത്തിനോ ഉത്പന്നത്തിനോ വില നിശ്ചയിക്കാനും അത് ഉപഭോക്താവിനെ അറിയിക്കാനും നിയമപരമായി ബാധ്യതയുണ്ട്. ആശുപത്രികള്‍ക്കും ഇത് ബാധകമാണ്. മുന്‍കൂട്ടി നിരക്കുകള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍, രോഗികള്‍ക്ക് അവരുടെ സാമ്പത്തിക ശേഷിക്ക് അനുസരിച്ചുള്ള ആശുപത്രിയെ തിരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കുകയും സാമ്പത്തികമായ ആസൂത്രണം നടത്താന്‍ സാധിക്കുകയും ചെയ്യും. ഇത് സ്വകാര്യ ആരോഗ്യമേഖലയില്‍ സുതാര്യത ഉറപ്പുവരുത്തുന്നതില്‍ നിര്‍ണായകമാണ്. ചികിത്സാരേഖകളും പരിശോധനാഫലങ്ങളും രോഗിയുടെ സ്വകാര്യ സ്വത്താണ്. എക്സ്റേ ഉള്‍പ്പെടെയുള്ള എല്ലാ രേഖകളും ആശുപത്രി വിടുമ്പോള്‍ രോഗിക്ക് കൈമാറണമെന്ന ഉത്തരവ്. രോഗിയുടെ അവകാശങ്ങളെ ബഹുമാനിക്കുന്നു. ഈ രേഖകള്‍ കൈവശമുള്ളപ്പോള്‍, രോഗിക്ക് ആവശ്യമെങ്കില്‍ മറ്റൊരു വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടാനോ. തുടര്‍ചികിത്സയ്ക്കായി മറ്റ് സ്ഥാപനങ്ങളെ സമീപിക്കാനോ ഉള്ള സ്വാതന്ത്ര്യം ലഭിക്കുന്നു. ചികിത്സാരേഖകള്‍ മറച്ചുവെക്കുന്നത് ചികിത്സയിലെ സുതാര്യതയില്ലായ്മയെയാണ് സൂചിപ്പിക്കുന്നത്. ‘ആശുപത്രികള്‍ കച്ചവട കേന്ദ്രങ്ങളല്ല, ജീവന്‍ രക്ഷാ ഉപാധികളാണ്’ എന്ന കോടതിയുടെ ഓര്‍മ്മപ്പെടുത്തല്‍, ആരോഗ്യമേഖലയുടെ ധാര്‍മ്മികമായ അടിത്തറയെക്കുറിച്ചുള്ള ശക്തമായ പ്രഖ്യാപനമാണ്. ഈ ഉത്തരവ് പാവപ്പെട്ട രോഗികള്‍ക്ക് നല്‍കുന്ന ആ ശ്വാസം ചെറുതല്ല. ചരിത്രപരമായ ഈ വിധി ഒരു തുടക്കം മാത്രമാവണം. ഹൈക്കോടതിയുടെ ഉത്തരവ് അക്ഷരംപ്രതി നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന ആരോഗ്യവകുപ്പിന്റെയും മറ്റ് അധികൃതരുടെയും പ്രാഥമിക ചുമതലയാണ്. വിധി കര്‍ശനമായി നടപ്പിലാക്കാനും നിരക്ക് ഏകീകരണം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ എത്രയും വേഗം കൊണ്ടുവരാനും സര്‍ക്കാര്‍ തയ്യാറാകണം. രോഗികളുടെ അവകാശങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന വിധി, രാജ്യത്തെ മുഴുവന്‍ ആ രോഗ്യമേഖലയ്ക്കും മാതൃകയാകട്ടെ. ആരോഗ്യപരിരക്ഷ കച്ചവടമല്ല, അത് മനുഷ്യന്റെ അടിസ്ഥാനപരമായ അവകാശമാണെന്ന കാഴ്ചപ്പാട് സമൂഹം ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.