kerala

‘ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിനും നിങ്ങള്‍ നല്‍കിയ വലിയ പിന്തുണക്കും ഹൃദയം നിറഞ്ഞ നന്ദി’ -ജനവിധിയില്‍ നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

By Akhila

May 06, 2026

നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തില്‍ കേരള ജനതയോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി. ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിനും നിങ്ങള്‍ നല്‍കിയ വലിയ പിന്തുണക്കും ഹൃദയം നിറഞ്ഞ നന്ദിയെന്ന് പ്രിയങ്ക തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു.

‘നന്ദി കേരളം!

കേരളത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരെ, ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിനും നിങ്ങള്‍ നല്‍കിയ വലിയ പിന്തുണക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങള്‍ ഞങ്ങളില്‍ അര്‍പ്പിച്ച ഈ വിശ്വാസമായിരിക്കും ഓരോരുത്തര്‍ക്കും വേണ്ടി മെച്ചപ്പെട്ട ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനായുള്ള യു.ഡി.എഫിന്റെ മുന്നോട്ടുള്ള യാത്രയിലെ വഴികാട്ടി. അടുത്ത അഞ്ച് വര്‍ഷം ഓരോ ദിവസവും അങ്ങേയറ്റം സത്യസന്ധതയോടും വിനയത്തോടും കൂടി ഞങ്ങളുടെ വാഗ്ദാനങ്ങള്‍ നിറവേറ്റിക്കൊണ്ട് നിങ്ങള്‍ക്കുള്ള നന്ദി പ്രകടിപ്പിക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രത്യാശിക്കുന്നു.

വയനാട്ടിലെ എന്റെ കുടുംബാംഗങ്ങളോട്, നിങ്ങള്‍ യു.ഡി.എഫിലുള്ള നിങ്ങളുടെ വിശ്വാസം ഒന്നുകൂടി ഉറപ്പിച്ചിരിക്കുകയാണ്. 7ല്‍ 7 സീറ്റുകളിലും ഉജ്ജ്വല വിജയം! വയനാടിന്റെ വികസനത്തിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് 8 പ്രതിനിധികളുണ്ട്! നിങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും.

ഐക്യമുള്ളതും പുരോഗമനപരവുമായ ഒരു കേരളം എന്ന ഞങ്ങളുടെ സന്ദേശം ഓരോ വീട്ടിലുമെത്തിക്കാന്‍ രാപ്പകല്‍ അധ്വാനിച്ച യു.ഡി.എഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും കൃതജ്ഞതയും അറിയിക്കുന്നു. നിങ്ങളുടെ തളരാത്ത ഈ പരിശ്രമങ്ങള്‍ക്ക് നന്ദി. കേരളത്തിലെ ജനങ്ങളെ സേവിക്കാനുള്ള നിങ്ങളുടെ ദൃഢനിശ്ചയത്തെ വരാനിരിക്കുന്ന അഞ്ച് വര്‍ഷങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തട്ടെ’. എന്നാണ് പ്രിയങ്ക ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചത്.