തിരുവനന്തപുരം: സംസ്ഥാനത്ത് അൾട്രാവയലറ്റ് (യു.വി.) വികിരണ തോത് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കൊട്ടാരക്കര (കൊല്ലം), കോന്നി (പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), ചങ്ങനാശ്ശേരി (കോട്ടയം), മൂന്നാർ (ഇടുക്കി) എന്നീ അഞ്ചിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനുപുറമെ കളമശ്ശേരി (എറണാകുളം), ഒല്ലൂർ (തൃശ്ശൂർ), തൃത്താല (പാലക്കാട്), പൊന്നാനി (മലപ്പുറം), മാനന്തവാടി (വയനാട്) എന്നീ പ്രദേശങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. യു.വി. സൂചിക 6 മുതൽ 7 വരെ എത്തുമ്പോൾ യെല്ലോ അലർട്ടും 8 മുതൽ 10 വരെ എത്തുമ്പോൾ ഓറഞ്ച് അലർട്ടും 11-ന് മുകളിലെത്തുമ്പോൾ റെഡ് അലർട്ടുമാണ് പ്രഖ്യാപിക്കുന്നത്.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
പകൽ 11 മണി മുതൽ 3 മണിവരെ നേരിട്ട് സൂര്യപ്രകാശത്തിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് ഒഴിവാക്കണമെന്നും ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണമെന്നും നിർദേശിച്ചിട്ടുണ്ട്. നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുന്നതാണ് ഉചിതമെന്ന് അധികൃതർ പറയുന്നു.
ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക, പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക, കുടയോ തൊപ്പിയോ ഉപയോഗിക്കുക എന്നിവയും ശുപാർശ ചെയ്യുന്നു. പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ORS ലായനി, സംഭാരം പോലുള്ള പാനീയങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ് മുറികളിൽ ആവശ്യമായ വായുസഞ്ചാരവും ഉറപ്പാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. കൂടാതെ കുട്ടികൾക്ക് കൂടുതൽ വെയിൽ ഏൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമത്തിൽ മാറ്റം വരുത്തുകയോ വേണം.
വിനോദസഞ്ചാരത്തിന് കുട്ടികളെ കൊണ്ടുപോകുന്ന സ്കൂളുകൾ 11 മണി മുതൽ 3 മണിവരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു. അംഗനവാടി കുട്ടികൾക്കും ചൂട് ഏൽക്കാത്ത വിധത്തിലുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.