FOREIGN

ഇസ്രാഈലിന് നേരെ ഹിസ്ബുള്ളയുടെ കനത്ത ഡ്രോൺ ആക്രമണം

By webdesk13

April 24, 2024

ഇസ്രാഈലിന് നേരെ കനത്ത ആക്രമണം നടത്തി ലബനാനിലെ ഹിസ്ബുള്ള. ഡ്രോണുകള്‍ ഉപയോഗിച്ചാണ് ഇസ്രാഈലിലെ വടക്കന്‍ നഗരമായ ഏക്കറിന് നേരെ ഹിസ്ബുള്ള ആക്രമണം നടത്തിയത്. തങ്ങളുടെ പോരാളികളെ വധിച്ചതിനുള്ള തിരിച്ചടിയായാണ് ഹിസ്ബുള്ള ഈ ആക്രമണത്തെ വിശേഷിപ്പിക്കുന്നത്. ഗസ്സ യുദ്ധം ആരംഭിച്ചതിന് ശേഷം, ഇസ്രാഈലിന് നേരെയുള്ള ഹിസ്ബുള്ളയുടെ ഏറ്റവും ‘ആഴത്തിലുള്ള ആക്രമണം’ ആണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡ്രോണുകള്‍ ഉപയോഗിച്ച് ഏക്കറിനും നഹാരിയ്യയ്ക്കും ഇടയിലെ 2 ഇസ്രാഈലി താവളങ്ങള്‍ ആക്രമിച്ചുവെന്നാണ് ഹിസ്ബുള്ള വ്യക്തമാക്കുന്നത്. ഡ്രോണുകള്‍ പതിച്ച പ്രദേശത്തിന്റെ സാറ്റലൈറ്റ് ഫേട്ടോയും ഹിസ്ബുള്ള പുറത്തുവിട്ടിട്ടുണ്ട്. അതേസമയം ഹിസ്ബുള്ളയുടെ ആക്രമണം ഇസ്രാഈല്‍ നിഷേധിച്ചു. ഇങ്ങനെയാരു ആക്രമണത്തെക്കുറിച്ച് അറിവില്ലെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. എന്നാല്‍ ഇസ്രാഈലിന്റെ വടക്കന്‍ മേഖലകളില്‍ രണ്ട് യുദ്ധ വിമാനങ്ങളെത്തിയതായി ഇസ്രാഈല്‍ സ്ഥിരീകരിക്കുന്നുണ്ട്. അതേസമയം ഇവ തടഞ്ഞെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്.

തെക്കന്‍ ലെബനാന്‍ പട്ടണമായ ഹാനിനിലെ ജനവാസമേഖലയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 2 പേര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനനിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എന്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

”ഇസ്രാഈലി യുദ്ധവിമാനങ്ങള്‍ 2 നിലകളുള്ള ഒരു വീടിന് നേരെ മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തി, ഇവിടെ ഇസ്രാഈല്‍ ആക്രമണം ആരംഭിച്ചതിന് ശേഷം നഗരം വിട്ടുപോകാത്ത ഒരു കുടുംബം താമസിച്ചിരുന്ന കെട്ടിടം പൂര്‍ണ്ണമായും തകര്‍ത്തു”- ഇങ്ങനെയായിരുന്നു എന്‍.എന്‍.എയുടെ റിപ്പോര്‍ട്ട്. ഇതിന് മറുപടിയായി ചൊവ്വാഴ്ച തന്നെ, വടക്കന്‍ ഇസ്രാഈല്‍ ലക്ഷ്യമാക്കി ഡസന്‍ കണക്കിന് റോക്കറ്റുകള്‍ ഹിസ്ബുള്ള വിക്ഷേപിച്ചതായാണ് വിവരം.

അതേസമയം തെക്കന്‍ ലെബനനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 2 ഹിസ്ബുള്ള പോരാളികളെ വധിച്ചതായി ഇസ്രാഈല്‍ പട്ടാളം അവകാശപ്പെടുന്നുണ്ടെങ്കിലും ഹുസൈന്‍ അസ്‌കൂള്‍ എന്ന പോരാളിയുടെ മരണം മാത്രമാണ് ഹിസ്ബുള്ള സ്ഥിരീകരിക്കുന്നത്. ഒക്ടബോര്‍ ഏഴിന് ഇസ്രാഈലില്‍, ഹമാസിന്റെ ആക്രമണത്തിന് ശേഷം ഹിസ്ബുള്ളയും ഇസ്രാഈല്‍ സൈന്യവും തമ്മില്‍ ദിവസേന അതിര്‍ത്തി കടന്നുള്ള വെടിവയ്പുകള്‍ നടക്കുന്നുണ്ട്. ഹിസ്ബുള്ളയുടെ റോക്കറ്റിലും ഡ്രോണ്‍ ആക്രമണത്തിലും ഒരു ഡസനോളം ഇസ്രാഈലി സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതുപോലെ ഹിസ്ബുള്ളക്കും നഷ്ടമുണ്ടായിട്ടുണ്ട്.