കുവൈത്ത് സിറ്റി: ഞായറായ്ച പുലര്‍ച്ചെ കുവൈത്തില്‍ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി തടസ്സപ്പെട്ടു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുലര്‍ച്ചെ രണ്ട് മണിയോടെ തിരശ്ചീന ദൃശ്യപരത 100 മീറ്ററില്‍ താഴെയായി കുറയുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇറങ്ങേണ്ട നിരവധി വിമാനങ്ങള്‍ അയല്‍രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. കൊച്ചിയില്‍ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട കുവൈത്ത് എയര്‍വേയ്‌സ് വിമാനം ഇറാഖിലെ ബസ്‌റയിലേക്ക് തിരിച്ചുവിട്ടു. ഉച്ചയോടെ കാലാവസ്ഥ സ്ഥിരത കൈവരിച്ചതോടെ വിമാനത്താവളത്തിലെ ലാന്‍ഡിംഗ്, ടേക്ക് ഓഫ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. വിമാന യാത്രകളുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്കായി ആവശ്യമായ എല്ലാ നടപടികളും എയര്‍ലൈന്‍സുകളുമായും അധികാരികളുമായും ഏകോപിപ്പിച്ച് നടപ്പാക്കിയതായി ഡി.ജി.സി.എ വക്താവ് അബ്ദുല്ല അല്‍ രാജ്ഹി അറിയിച്ചു. കാലാവസ്ഥ മാറ്റങ്ങള്‍ നിരന്തരം നിരീക്ഷിക്കുമെന്നും വിമാനത്താവള ജീവനക്കാരുടെയും യാത്രക്കാരുടെയും സഹകരണത്തിന് അദ്ദേഹം നന്ദി അറിയിച്ചു.