india

സിക്കിമില്‍ ശക്തമായ മണ്ണിടിച്ചില്‍; 4 മരണം, 3 പേര്‍ക്ക് തിരച്ചില്‍ തുടരുന്നു

By webdesk17

September 12, 2025

ഗാങ്‌ടോക്: സിക്കിമിലെ യാങ്താങില്‍ ശക്തമായ മണ്ണിടിച്ചിലിലും മഴവെള്ളപ്പാച്ചിലിലും നാല് പേര്‍ മരിച്ചു. മൂന്ന് പേരെ കാണാതായി. യാങ്താങിലെ അപ്പര്‍ റിമ്പിയില്‍ രാത്രിയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മൂന്ന് പേര്‍ സംഭവ സ്ഥലത്തും പരിക്കേറ്റ ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരിക്കേറ്റവരെ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. വീടുകള്‍ക്ക് മുകളില്‍ മണ്ണ് അടിഞ്ഞുകിടക്കുകയാണ്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

പ്രദേശത്തെ നദിക്ക് കുറുകെ മരം കൊണ്ടുണ്ടാക്കിയ താല്‍കാലിക പാലത്തിലൂടെയാണ് പൊലീസ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. നദി കരകവിഞ്ഞ് വീടുകളെല്ലാം വെള്ളത്തിലായി. ഈ ആഴ്ചയില്‍ ഇത് രണ്ടാം തവണയാണ് സിക്കിമില്‍ മണ്ണിടിച്ചില്‍ ഉണ്ടാകുന്നത്. ഗ്യാല്‍ഷിങ് ജില്ലയില്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ 45 വയസുള്ള ഒരു സ്ത്രീ മരിച്ചിരുന്നു. ഇവരുടെ വീട് പൂര്‍ണമായും തകര്‍ന്നു. അതേസമയം പ്രദേശത്ത് മഴ തുടരുകയാണ്.