kerala

കനത്ത മഴ; ഭൂതത്താന്‍കെട്ട് ഡാമിന്റ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി

By webdesk17

May 29, 2025

സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടര്‍ന്ന് ഭൂതത്താന്‍കെട്ട് ഡാമിന്റ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി. ആകെ 15 ഷട്ടറുകളാണ് ഡാമിനുള്ളത്. മഴ കനത്തതോടെ ഘട്ടം ഘട്ടമായി ഇന്നലെ വരെ 13 ഷട്ടറുകള്‍ തുറന്നിരുന്നു. ബാക്കി രണ്ടു ഷട്ടറുകളും ഇന്ന് തുറക്കുകയായിരുന്നു. അതിശക്തമായ മഴ നിലനില്‍ക്കുന്നതിനാല്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഭൂതത്താന്‍കെട്ട് ഡാമിന്റ മുഴുവന്‍ ഷട്ടറുകളും തുറക്കാന്‍ തീരുമാനിച്ചത്. തീരത്തുള്ളവര്‍ക്ക് ആശങ്ക വേണ്ട ജാഗ്രത മതിയെന്ന് അധികൃതര്‍ അറിയിച്ചു.

പെരിയാറിന്റെ ജലനിരപ്പ് ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളിലടക്കം വെള്ളം കയറാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.

സംസ്ഥാനത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠനഗവേക്ഷണ കേന്ദ്രം വ്യക്തമാക്കി.