kerala

കനത്ത മഴ; കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

By webdesk17

June 20, 2025

ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും അവധി. കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാ സ്‌കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് ഉള്ളതിനാലാണ് ആലപ്പുഴ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും (5-15 mm/h) മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ കേരളതീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. 3.5 മീറ്റര്‍ ഉയരമുള്ള തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം.