കണ്ണൂര്‍: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ കണ്ണൂരില്‍ രണ്ട് മരണം. കനത്തമഴയില്‍ തെങ്ങുവീണ് മാട്ടൂല്‍ മടക്കരയില്‍ ഓട്ടക്കണ്ണന്‍ മുഹമ്മദ്കുഞ്ഞി(58), കര്‍ണാടക സ്വദേശി ക്രിസ്തുരാജ്(20) എന്നിവര്‍ മരിച്ചു. ക്വാറിയിലെ വെള്ളക്കെട്ട് നീക്കുന്നതിനിടെ കല്ലുവീണാണ് പാനൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയായ ക്രിസ്തുരാജ് മരിച്ചത്.

സംസ്ഥാനത്ത് പലയിടത്തും ഉരുള്‍പൊട്ടലും ,മണ്ണിടിച്ചിലും ഉണ്ടായി. വെള്ളപ്പൊക്കം പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെടുത്തി. മഴ നാളെവരെ നീണ്ടുനില്‍ക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്തുണ്ടായ ഏറ്റവും കനത്തമഴയാണിത്. അഗ്നിശമന സേനയോടും ദുരന്തനിവാരണ സേനയോടും മുന്‍കരുതലെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ മേഖലയിലും തീരപ്രദേശങ്ങളിലുമുള്ളവരോടും ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കി. കൂടാതെ രാത്രിയാത്രകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.