തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തന്നെ തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി രൂപപ്പെട്ട സാഹചര്യത്തിലാണ് മഴ കനക്കുന്നത്. ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. വടക്കന്‍ കേരളത്തില്‍ നാളെയും മറ്റന്നാളും കനത്ത മഴ തുടരും. ചാലിയാര്‍ അടക്കമുള്ള പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു വരികയാണ്.

മഴ കനത്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പുയര്‍ന്ന് 2390.66 അടിയിലെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്നതിനാല്‍ നേരിയ ആശങ്കയിലാണ് പെരിയാറിന്റെ തീരത്തുള്ളവര്‍. മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്.