Connect with us

india

കനത്തമഴ: ഉത്തരാഖണ്ഡിൽ കോളജ് കെട്ടിടം തകർത്തെറിഞ്ഞ് വെള്ളപ്പൊക്കം

കനത്ത മഴ തുടരുന്നതിനാല്‍ സംസ്ഥാനത്ത് പലയിടത്തും കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

മഴ ശക്തമായ ഉത്തരാഖണ്ഡില്‍ ഡിഫന്‍സ് കോളേജ് കെട്ടിടം തകര്‍ന്നുവീണു. ഡെറാഡൂണ്‍ ഡിഫന്‍സ് കോളേജ് കെട്ടിടമാണ് നിമിഷ നേരം കൊണ്ട് നിലംപൊത്തിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 60 മരണമാണു റിപ്പോര്‍ട്ട് ചെയ്തത്. 17 പേരെ കാണാതായി.

കനത്ത മഴയ്‌ക്കൊപ്പം ഉരുള്‍പൊട്ടലും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. നദീതീരത്തുള്ള കെട്ടിടം തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെപ്പേര്‍ പങ്കുവച്ചു. കനത്ത മഴ തുടരുന്നതിനാല്‍ സംസ്ഥാനത്ത് പലയിടത്തും കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

india

ആന്ധ്രയില്‍ ഏറ്റുമുട്ടല്‍ തുടര്‍ന്നു; ഏഴ് മാവോവാദികള്‍ കൂടി വധിച്ചു

മൂന്ന് വനിതകളും ഉള്‍പ്പെടുന്ന ഇവര്‍ ബുധനാഴ്ച നടന്ന ദൗത്യത്തിനിടെയാണ് വധിക്കപ്പെട്ടതെന്ന് എ.ഡി.ജി.പി മഹേഷ്ചന്ദ്ര ലദ്ധ അറിയിച്ചു.

Published

on

വിജയവാഡ: ആന്ധ്രപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ പുതിയ ഏറ്റുമുട്ടലില്‍ ഏഴ് മാവോവാദികള്‍ കൂടി കൊല്ലപ്പെട്ടു. മൂന്ന് വനിതകളും ഉള്‍പ്പെടുന്ന ഇവര്‍ ബുധനാഴ്ച നടന്ന ദൗത്യത്തിനിടെയാണ് വധിക്കപ്പെട്ടതെന്ന് എ.ഡി.ജി.പി മഹേഷ്ചന്ദ്ര ലദ്ധ അറിയിച്ചു.

ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലില്‍ മുതിര്‍ന്ന മാവോയിസ്റ്റ് കമാന്‍ഡറായ മാധവി ഹിദ്മ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പ്രദേശത്ത് ശക്തമായ തെരച്ചില്‍ തുടരുന്നതിനിടെ ഇന്ന് വീണ്ടും ഏറ്റുമുട്ടലുണ്ടായി.

കൊല്ലപ്പെട്ടവരില്‍ ടെക് ശങ്കര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ശ്രീകാകുളം സ്വദേശി മെതുരി ജൊക്കറാവുവും ഉള്‍പ്പെടുന്നു. ആയുധ നിര്‍മാണത്തിലും സാങ്കേതിക ദൗത്യങ്ങളിലും പ്രാവീണ്യമുള്ള മാവോവാദിയായിരുന്നു ശങ്കര്‍.

രഹസ്യവിവരത്തെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ വ്യാപക തിരച്ചിലില്‍ എന്‍.ടി.ആര്‍, കാകിനഡ, കൊനസീമ, എലൂരു ജില്ലകളില്‍ ചേര്‍ന്നാണ് 50 മാവോവാദികളെ അറസ്റ്റ് ചെയ്തതെന്നും എ.ഡി.ജി.പി വ്യക്തമാക്കി. വന്‍തോതില്‍ ആയുധങ്ങളും നിര്‍മാണ സാമഗ്രികളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

 

Continue Reading

india

ബംഗ്ലാദേശ് മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ.എം. നൂറുല്‍ ഹുദ അറസ്റ്റില്‍; വസതിയില്‍ ആള്‍ക്കൂട്ട ആക്രമണം

മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബി.എന്‍.പി) നല്‍കിയ കേസിലാണ് 77 കാരനായ ഹുദക്കെതിരായ നടപടി.

Published

on

ധാക്ക: തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയെന്ന ഗുരുതര ആരോപണത്തില്‍ ബംഗ്ലാദേശ് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ.എം. നൂറുല്‍ ഹുദയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബി.എന്‍.പി) നല്‍കിയ കേസിലാണ് 77 കാരനായ ഹുദക്കെതിരായ നടപടി.

ഹസീന ഭരണകാലത്ത് നടന്ന 2014, 2018, 2024 തെരഞ്ഞെടുപ്പുകളില്‍ കൃത്രിമം നടത്തി അധികാരം നിലനിര്‍ത്താന്‍ സഹായിച്ചുവെന്നാണ് ഹുദക്കും മുന്‍ പ്രധാനമന്ത്രി ഷൈഖ് ഹസീനയ്ക്കും ഉള്‍പ്പെടെയുള്ള 19 പേര്‍ക്കുമെതിരെയുള്ള കുറ്റാരോപണം. രാജ്യത്ത് ഒരു മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇത്തരമൊരു കേസില്‍ കസ്റ്റഡിയിലെടുക്കുന്നത് ഇതാദ്യമാണ്.

അറസ്റ്റിന് മുന്‍പ് ധാക്കയിലെ ഉത്തരയിലെ ഹുദയുടെ വസതിക്ക് പുറത്ത് ആള്‍ക്കൂട്ടം തടിച്ചുകൂടി. പിന്നീട് അവര്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഹുദയെ വലിച്ചിഴച്ച് പുറത്തെത്തിക്കുകയും ചെരിപ്പുകൊണ്ട് അടിക്കുകയും മുട്ട എറിയുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.

പോലീസ് എത്തി ഹുദയെ രക്ഷപ്പെടുത്തി കസ്റ്റഡിയില്‍ എടുത്തുവെന്ന് ഉത്തര വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ മേധാവി ഹാഫിസുര്‍ റഹ്‌മാന്‍ അറിയിച്ചു.

ആള്‍ക്കൂട്ട മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ രാജ്യത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നു. ഇതിന്റെ പശ്ചാതലത്തില്‍ മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല സര്‍ക്കാര്‍ രാത്രി പ്രസ്താവന പുറത്തിറക്കി. നിയമം കൈയിലെടുക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് പ്രസ്താവനയില്‍ മുന്നറിയിപ്പു നല്‍കുന്നു.

കഴിഞ്ഞ വര്‍ഷം വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി ഹസീന സ്ഥാനഭ്രഷ്ടയായതും തുടര്‍ന്ന് യൂനുസ് ഇടക്കാല സര്‍ക്കാരിന്റെ തലവനായി ചുമതലയേറ്റതുമാണ് ബംഗ്ലാദേശിലെ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് പശ്ചാത്തലം. സര്‍ക്കാര്‍ മാറിയതോടെ അവാമി ലീഗിലെ നിരവധി നേതാക്കളും മുന്‍ മന്ത്രിമാരും അറസ്റ്റ് ചെയ്യപ്പെടുകയോ പലായനം ചെയ്യുകയോ ചെയ്തിരുന്നു. ഇവരില്‍ പലരും ആള്‍ക്കൂട്ട ആക്രമണത്തിനും ഇരയായിരുന്നു.

ഇതിനിടയില്‍, ബംഗ്ലാദേശിന്റെ സ്ഥാപക പിതാവ് ശൈഖ് മുജിബുര്‍ റഹ്‌മാന്റെ ധാക്കയിലെ വസതിയും ഈ വര്‍ഷം ആദ്യം ഒരു കൂട്ടം ആളുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു.

Continue Reading

india

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്തി; യുവാവ് പിടിയില്‍

രാമനാഥപുരം ചേരന്‍കോട്ടയിലെ മാരിയപ്പന്റെ മകള്‍ ശാലിനിയാണ് കൊല്ലപ്പെട്ടത്. സ്‌കൂളിലേക്ക് പോകും വഴിയിലായിരുന്നു ആക്രമണം.

Published

on

ചെന്നൈ: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പതിനേഴുകാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തികൊലപ്പെടുത്തി. രാമനാഥപുരം ചേരന്‍കോട്ടയിലെ മാരിയപ്പന്റെ മകള്‍ ശാലിനിയാണ് കൊല്ലപ്പെട്ടത്. സ്‌കൂളിലേക്ക് പോകും വഴിയിലായിരുന്നു ആക്രമണം.

നാട്ടുകാരനായ മുനിരാജ് ഏതാനും നാളുകളായി പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് പ്രണയാഭ്യര്‍ത്ഥന നടത്തി ശല്യപ്പെടുത്തുകയായിരുന്നു. താല്‍പര്യമില്ലെന്ന് പലവട്ടം പറഞ്ഞിട്ടും യുവാവ് പിന്തിരിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ പിതാവ് മാരിയപ്പന്‍ മുനിരാജിനെ താക്കീത് ചെയ്തിരുന്നു.

പ്രതികാരത്തിലാണ് ഇന്ന് രാവിലെ യുവാവ് വഴിവക്കില്‍ കാത്തുനിന്നത്. സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി നിരസിച്ചതോടെ ഒളിപ്പിച്ചുവച്ചിരുന്ന കത്തി പുറത്തെടുത്ത് കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ തന്നെയാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

ഗുരുതരമായി പരിക്കേറ്റ ശാലിനിയെ രാമേശ്വരം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസമയത്ത് പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

Trending