kerala

സംസ്ഥാനത്ത് ശക്തമായ മഴ; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

By webdesk17

October 19, 2025

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. വയനാട്, പാലക്കാട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.

ഓറഞ്ച് അലേര്‍ട്ടിന് പിന്നാലെ ഇടുക്കിയില്‍ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സാഹസിക- ജലവിനോദങ്ങള്‍ക്കാണ് നിയന്ത്രണം. ജലാശയങ്ങളിലെ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി, ട്രക്കിങ്, ജീപ്പ് സവാരി, സാഹസിക വിനോദങ്ങള്‍ എന്നിവയ്ക്കാണ് നിരോധനം. വണ്ടിപ്പെരിയാറില്‍ വീടുകളില്‍ വെള്ളം കയറി. മുല്ലപ്പെരിയാര്‍ ഡാമിന്റെ 13 ഷട്ടറുകള്‍ ഒന്നരമീറ്റര്‍ വീതം ഉയര്‍ത്തി. പതിനായിരം ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കിവിടുന്നത്. പെരിയാറില്‍ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള കേരള കര്‍ണാടക തീരങ്ങള്‍ക്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലക്ക് മുകളിലായി നിലനിന്നിരുന്ന ന്യൂനമര്‍ദ്ദം ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറി. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി അടുത്ത 36 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദമായി മാറി ശക്തിപ്രാപിക്കാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.