കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്ങില്‍ കനത്തമഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് മരണസംഖ്യ 23 ആയി ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസങ്ങളിലായി മിരിക്, സുഖിയ പോഖ്രി പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലുകള്‍ ഉണ്ടായത്. പ്രാദേശിക ഭരണകൂടവും പോലീസും രക്ഷാപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഡാര്‍ജിലിങ്‌സിലിഗുഡി, ബംഗാള്‍സിക്കിം റോഡുകള്‍ അടക്കം നിരവധി ഗതാഗത മാര്‍ഗങ്ങള്‍ തകരാറിലായി. പല വിനോദസഞ്ചാരികളും കുടുങ്ങിയതായാണ് റിപ്പോര്‍ട്ട്. കൂടുതല്‍ അപകടസാധ്യത കണക്കിലെടുത്ത് ടൈഗര്‍ ഹില്‍, റോക്ക് ഗാര്‍ഡന്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിട്ടു. ടോയ് ട്രെയിന്‍ സര്‍വീസും താത്കാലികമായി നിര്‍ത്തി.
വടക്കന്‍ ബംഗാളിലെ മറ്റു പ്രദേശങ്ങളിലും കനത്തമഴ തുടര്‍ന്നു പെയ്യുകയാണ്. നിരവധി സ്ഥലങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മുന്നറിയിപ്പ് അനുസരിച്ച് വരും ദിവസങ്ങളിലും കനത്തമഴയും മിന്നല്‍പ്രളയവും ഉണ്ടാകാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പ്രദേശവാസികളും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
ഡാര്‍ജിലിങ് എംപി രാജു ബിസ്ത സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രദേശത്തെത്തി. ദുരിതാശ്വാസ നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.