More

കനത്ത മഴയില്‍ ഗസ്സ; കുടിയിറക്കപ്പെട്ടവര്‍ നരകാവസ്ഥയില്‍

By webdesk14

November 26, 2025

ഗസ്സ സിറ്റി: ഗസ്സയില്‍ തുടരുന്ന മോശം കാലാവസ്ഥയും കനത്ത മഴയും ഇതിനകം തന്നെ യുദ്ധത്തില്‍ തകര്‍ന്നുപോയ ജനങ്ങളുടെ ദുരിതം ഭീകരമാക്കിയിരിക്കുകയാണ്. ഖാന്‍ യൂനിസ്, അല്‍ വാസി മേഖലകള്‍ ഉള്‍പ്പെടെ കുടിയിറക്കപ്പെട്ട ഫലസ്തീനികള്‍ താമസിക്കുന്ന ഡസന്‍ കണക്കിന് ടെന്റുകള്‍ മഴവെള്ളത്തില്‍ മുങ്ങുകയും ശക്തമായ കാറ്റില്‍ പലതും തകര്‍ന്നുവീഴുകയുമായിരുന്നു. പലരും വര്‍ഷങ്ങളായി ഉപയോഗിച്ച പഴകിയ തുണി ടെന്റുകളിലാണ് കഴിയുന്നത്.

ടെന്റുകള്‍, ഷെല്‍ട്ടറുകള്‍, അടിസ്ഥാന സുരക്ഷാ സൗകര്യങ്ങള്‍ എന്നിവ അത്യാവശ്യമാണെങ്കിലും ഇസ്രായേല്‍ അതിര്‍ത്തി അടച്ചതിനാല്‍ സഹായ സാമഗ്രികള്‍ ഗസ്സയില്‍ എത്തിക്കാനാവാത്ത സ്ഥിതിയാണ്. ചളിവെള്ളത്തിലും മഴയിലും കിടന്ന് രാത്രികള്‍ കഴിയേണ്ട അവസ്ഥയിലാണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഗസ്സയിലെ റോഡുകളും ജല-മലിനജല ശൃംഖലകളും തകര്‍ന്നതോടെ നഗരത്തിലെ സ്ഥിതി കൂടുതല്‍ ദയനീയമായി. ഖാന്‍ യൂനിസ് മുനിസിപ്പാലിറ്റി വക്താവ് സൈബ് ലുഖാന്‍ പ്രകാരം 900,000ത്തിലധികം ആളുകള്‍ ഇപ്പോള്‍ ദുരന്തപൂര്‍ണമായ ജീവിതം നയിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 220,000 മീറ്റര്‍ റോഡ് ശൃംഖലകള്‍ നശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

മോശം കാലാവസ്ഥയില്‍ കുടുങ്ങിയവരെ സഹായിക്കാന്‍ മുനിസിപ്പല്‍ ടീമുകള്‍ക്കു വേണ്ട ഉപകരണങ്ങളും വിഭവങ്ങളും ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം മങ്ങിക്കിടക്കുകയാണ്. ഹമാസ് വക്താവ് അസം ഖാസിം, ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാറിലെ ബാധ്യതകള്‍ പാലിക്കാത്തതിനാല്‍ അടിസ്ഥാന അഭയകേന്ദ്രങ്ങള്‍ പോലും ലഭ്യമല്ലെന്ന് ആരോപിച്ചു. തുടര്‍ച്ചയായ ഉപരോധവും അതിര്‍ത്തി അടച്ചിടലും പുനര്‍നിര്‍മാണത്തിന് തടസ്സമാവുന്നതും ‘ വംശഹത്യയുടെ തുടര്‍ച്ച ‘ ആണെന്ന് അദ്ദേഹം വിലയിരുത്തി. ഗസ്സയിലെ 1.5 ദശലക്ഷത്തിലധികം പേര്‍ ഇപ്പോള്‍ കുടിയിറക്കപ്പെട്ട നിലയില്‍ കഴിയുകയാണെന്ന് ഗസ്സ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു.

ഭക്ഷണം, മരുന്ന്, ശുചിത്വം, ശുദ്ധജലം, വൈദ്യുതി എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അതീവ പരിമിതമാണ്. ശൈത്യകാലം കടുക്കുന്ന സാഹചര്യത്തില്‍ ചെറുകുട്ടികള്‍, രോഗികള്‍, സ്ത്രീകള്‍ എന്നിവരിലെ ദുരിതം രൂക്ഷമാവുകയാണ്. 2023 ഒക്ടോബര്‍ മുതല്‍ ഇസ്രായേല്‍ സൈനിക പ്രവര്‍ത്തനങ്ങളില്‍ 70,000ത്തിലധികം ഗസ്സക്കാരെ കൊന്നിട്ടുണ്ടെന്നും ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കൂടാതെ 170,900ത്തിലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്്. ഗസ്സയിലെ മനുഷ്യാവകാശ ദുരന്തം വഷളാകുന്ന സാഹചര്യത്തില്‍ അറബ് ലീഗ്, OIC, ഐക്യരാഷ്ട്രസഭ എന്നിവ അടിയന്തര ഇടപെടലുകള്‍ നടത്തണമെന്നും അന്താരാഷ്ട്ര സമൂഹത്തോട് ഹമാസ് ആവശ്യപ്പെട്ടു.