ന്യൂയോർക്ക്: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് അമേരിക്കയിൽ ഏകദേശം 8000 വിമാന സർവിസുകൾ റദ്ദാക്കി. ഞായറാഴ്ചയും തിങ്കളാഴ്ചയും ന്യൂയോർക്കിലേക്കും ന്യൂജേഴ്സിലേക്കുമുള്ള തങ്ങളുടെ സർവിസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. വാരാന്ത്യത്തിൽ നടത്തേണ്ടിയിരുന്ന സർവിസുകളാണ് രാജ്യവ്യാപകമായി റദ്ദാക്കപ്പെട്ടത്. ശനിയാഴ്ച മാത്രം 3500ഓളം വിമാന സർവിസുകളാണ് നിലച്ചത്.
കടുത്ത മഞ്ഞുവീഴ്ച ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. പടിഞ്ഞാറൻ ടെക്സസ് മുതൽ ന്യൂയോർക്ക് വരെ വ്യാപകമായി മഞ്ഞ് പെയ്യുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കി സുരക്ഷിതരായിരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഹരികേൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളോട് കൂടുതൽ ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
ഇരു ഡെക്കോട്ടകളിലും മിന്നസോട്ടയിലും അന്തരീക്ഷ ഊഷ്മാവ് മൈനസ് 45 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നിട്ടുണ്ട്. ആവശ്യമായ മുൻകരുതലുകളും തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങളും ഇല്ലെങ്കിൽ ഹൈപ്പോതെർമിയ വേഗത്തിൽ ബാധിക്കാനും ജീവാപായം സംഭവിക്കാനും സാധ്യതയുണ്ടെന്ന് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകി.
മിസിസിപ്പി, ടെന്നസി, ലൂയിസിയാന സംസ്ഥാനങ്ങളിലായി ഇഞ്ചുകൾ കനത്തിൽ മഞ്ഞ് അടിഞ്ഞുകൂടിയിട്ടുണ്ട്. വൈദ്യുതി ബന്ധം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളിൽ തകരാറുകൾ ഉണ്ടാകാനുള്ള സാധ്യതയും അധികൃതർ മുന്നറിയിപ്പായി അറിയിച്ചു.