ദിസ്പൂര്‍: മുങ്ങിക്കൊണ്ടിരുന്ന വാഹനത്തിനുള്ളില്‍ നിന്നു ഇമാമിന്റെ ഇടപെടലിലല്‍ രക്ഷപ്പെട്ടത് ഏഴു ജീവനുകള്‍. ഉച്ചഭാഷിണിയിലൂടെയുള്ള സഹായ ആഹ്വാനത്തിലൂടെയാണ് കാറിനുള്ളിലുണ്ടായിരുന്ന ഏഴ് പേരും ജീവിതത്തിലേക്ക് തിരിച്ചുവന്നത്.അസമിലെ ശ്രീഭൂമി ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം.
മൗലാന അബ്ദുള്‍ ബാസിത് എന്ന ഇമാം ആണ് അപകട വിവരം പള്ളിയിലെ ഉച്ചഭാഷിണി വഴി പുലര്‍ച്ചെ ഗ്രാമത്തിലുള്ളവരെ അറിയിച്ചത്. ഇതോടെ മുങ്ങിക്കൊണ്ടിരുന്ന വാഹനത്തില്‍ കുടുങ്ങിയ ഏഴ് പേരെ രക്ഷിക്കാന്‍ പ്രദേശവാസികള്‍ ഓടിയെത്തുകയായിരുന്നു.
പുലര്‍ച്ചെ ദേശീയപാതയില്‍ നിന്ന് നിയന്ത്രണം വിട്ട വാഹനം തെന്നിമാറി കുളത്തിലേക്ക് മറിയുകയായിരുന്നു. പുലര്‍ച്ചെയായതിനാല്‍ മിക്കവരും ഉറക്കമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് കാറിനുള്ളിലുള്ളവര്‍ക്കും മനസ്സിലായില്ല.പുറത്ത് വലിയൊരു ശബ്ദം കേട്ടാണ് പള്ളിയിലെ ഇമാമും മിരാബാരി മദ്രസയിലെ അധ്യാപകനുമായ മൗലാന അബ്ദുള്‍ ബാസിത് ഉടന്‍ പുറത്തിറങ്ങി നോക്കിയത്.
ഒരു വാഹനം വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ടു. ഉടന്‍ തന്നെ ഇമാം സമയോചിതമായി ഇടപെടുകയായിരുന്നു. അപകടം സംഭവിച്ചെന്നും രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തണമെന്നും പള്ളിയിലെ ഉച്ചഭാഷിണിയിലൂടെ അദ്ദേഹം പ്രദേശവാസികളോട് ആവശ്യപ്പെട്ടു. മിനിറ്റുകള്‍ക്കുള്ളില്‍ പരിസരവാസികള്‍ സംഭവ സ്ഥലത്തേക്ക് ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. വാഹനത്തില്‍ കുടുങ്ങിയ ഏഴ് യാത്രക്കാരെയും പുറത്തെത്തിച്ചു.