kerala

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ‘സ്ത്രീകളോട് അന്തസില്ലാതെ പെരുമാറുന്നത് ആരൊക്കെയാണെന്ന് കേരളത്തിന് അറിയാം’: കെ.സുധാകരൻ

By webdesk14

August 22, 2024

തിരുവനന്തപുരം: ഇത്രമേല്‍ ഗുരുതര കണ്ടെത്തലുകള്‍ ഉള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇത്രയും നാള്‍ മുഖ്യമന്ത്രി മൂടിവച്ചത് എന്തിനെന്ന് മലയാളികള്‍ക്ക് മനസിലാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സിനിമയിലായാലും രാഷ്ട്രീയത്തിലായാലും, സ്ത്രീകളോട് ‘അന്തസ്സില്ലാതെ’ പെരുമാറുന്നത് ആരൊക്കെയാണെന്ന് കേരളത്തിന് നന്നായി അറിയാം എന്നും കെ സുധാകരന്‍ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

സുധാകരന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

‘‘ഇത്രമേൽ ഗുരുതര കണ്ടെത്തലുകൾ ഉള്ള ഹേമ കമ്മിറ്റി റിപ്പോർട്ട്‌ ഇത്രയും നാൾ പിണറായി വിജയൻ മൂടിവച്ചത് എന്തിനെന്നു മലയാളികൾക്ക് മനസിലാകും. സിനിമയിലായാലും രാഷ്ട്രീയത്തിലായാലും സ്ത്രീകളോട് ‘അന്തസ്സില്ലാതെ’ പെരുമാറുന്നത് ആരൊക്കെയാണെന്ന് കേരളത്തിന്‌ നന്നായി അറിയാം.

മൂന്നാംകിട ഗുണ്ടായിസം മാത്രം അറിയാവുന്നൊരു മുഖ്യമന്ത്രി നയിക്കുന്ന ഭരണസംവിധാനത്തിൽ ഇത്രയും മികച്ച രീതിയിൽ തയ്യാറാക്കിയ റിപ്പോർട്ട്‌ താങ്കൾക്ക് സമർപ്പിക്കേണ്ടി വന്നതിൽ ഞങ്ങൾക്ക് വിഷമമുണ്ട്. കെകെ ശൈലജയും ഗോവിന്ദനും ചേർന്ന് സൃഷ്ടിച്ചെടുത്ത കാഫിർമാരെ സമൂഹം കൈയ്യോടെ പിടികൂടിയ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ആണെങ്കിലും ഹേമ കമ്മിറ്റി റിപ്പോർട്ട് ഇപ്പോഴെങ്കിലും പുറത്തുവിടാൻ തോന്നിയത് വലിയ കാര്യം. വിജയന് നന്ദി!

‘തവള ചത്താൽ വാർത്ത  പാമ്പ് ചാകുന്നത് വരെ ‘ എന്ന തന്റെ സിദ്ധാന്തം ഇനിയും ഇവിടെ ചിലവാകില്ലന്ന് വിജയൻ മനസ്സിലാക്കണം. കേരളത്തെ ഏറ്റവും ക്രൂരമായി ഭിന്നിപ്പിക്കാൻ ശ്രമിച്ച ഗോവിന്ദ-ശൈലജ സൃഷ്ടിയിലെ കാഫിർമാരെയും കോൺഗ്രസ്‌ വെറുതെ വിടാൻ പോകുന്നില്ല.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തുടർ നടപടി വേണമെന്ന് സർക്കാരിനോട് കോൺഗ്രസ്‌ ആവശ്യപ്പെടുന്നു. വിജയൻ എത്ര തന്നെ സംരക്ഷിച്ചു പിടിക്കാൻ ശ്രമിച്ചാലും, 2026-ൽ അധികാരത്തിൽ വരുന്ന കോൺഗ്രസ്‌ സർക്കാർ കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന്  ജനങ്ങൾക്ക് ഞങ്ങൾ വാക്ക് നൽകുന്നു.