Connect with us

editorial

മറനീക്കുന്ന സി.ജെ.പി ബാന്ധവം

കനലൊരു തരിയായിമാറിയിട്ടുള്ള കേരളത്തിലും അധികാരത്തില്‍ നിന്ന് തൂത്തെറിയപ്പെടുന്നതിലൂടെ രാജ്യത്ത് സി.പി.എമ്മിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാകുന്ന അവസ്ഥാ വിശേഷമാണ് സംജാതമാകനാരിക്കുന്നത്.

Published

on

പതിനാറാം നിയമസഭയിലേക്കുള്ള ജനവിധി ഇടതുമുന്നണികയെ സംബന്ധിച്ച് അതിനിര്‍ണായകമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കനലൊരു തരിയായിമാറിയിട്ടുള്ള കേരളത്തിലും അധികാരത്തില്‍ നിന്ന് തൂത്തെറിയപ്പെടുന്നതിലൂടെ രാജ്യത്ത് സി.പി.എമ്മിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാകുന്ന അവസ്ഥാ വിശേഷമാണ് സംജാതമാകനാരിക്കുന്നത്. പക്ഷേ സംസ്ഥാനത്തെ സാഹചര്യങ്ങള്‍ ഒട്ടും അനുകൂലമല്ലെന്നുള്ള തിരിച്ചറിവ് മറ്റാരെക്കാളും അവര്‍ക്കുതന്നെയുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുന്ന ഭരണവിരുദ്ധ വികാരത്തിന്റെ അലയൊലിയായ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആഘാതത്തില്‍ നിന്ന് അവര്‍ക്ക് ഇനിയും മുക്തമാകാന്‍ കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്റെ തൊട്ടുമുമ്പ് നടത്തിയ പ്രഖ്യാപന പെരുമഴയെ ജനം ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞത് ഞെട്ടലോടയല്ലാതെ ഇടതു മുന്നണിക്ക് ഓര്‍ക്കാന്‍ കഴിയില്ല. വികസനത്തിന്റെ പെരുമ്പറയും ക്ഷേമപ്രവര്‍ത്തനങ്ങളുടെ കൊട്ടിഘോഷവുമെല്ലാം വെറുംപുകമറ മാത്രമാണെന്ന് ജനം തിരിച്ചറിഞ്ഞുകഴിഞ്ഞതിനാല്‍ 2021 ആവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് അവര്‍ക്കുറപ്പുണ്ട്. ഭ്രമിപ്പിക്കുന്ന പി.ആര്‍ വര്‍ക്കുകളിലൂടെ ജനങ്ങളെ വീഴ്ത്തിക്കളയാമെന്ന ധാരണ ഇപ്പോള്‍ അവര്‍ക്കില്ലെന്നുമാത്രമല്ല, അതിന്റെ പേരില്‍ സര്‍ക്കാര്‍ പണംധൂര്‍ത്തടിക്കുന്നതിലുള്ള പ്രതിഷേധമാണ് ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് പാര്‍ട്ടിയും മുന്നണിയും തിരിച്ചറിഞ്ഞിരിക്കുകയാണ്.

ഭരണ വിരുദ്ധവികാരത്തെ മറികടക്കാന്‍ മറ്റുമാര്‍ഗങ്ങളൊന്നുമില്ലെന്ന് മനസിലാക്കിയ സി.പി.എമ്മും സര്‍ക്കാറും അതിശക്തമായ ധ്രുവീകരണശ്രമങ്ങള്‍ക്കും സംസ്ഥാനത്ത് നേതൃത്വം നല്‍കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ അഭൂതപൂര്‍വമായ തിരിച്ചടിക്കുകാരണം ന്യൂനപക്ഷ വോട്ടുകള്‍ തങ്ങള്‍ക്കെതിരായി ഏകീകരിക്കപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞ അവര്‍ അതിന്റെ രാഷ്ട്രീയ കാരണങ്ങള്‍ കണ്ടെത്തി പരിഹാര നടപടികളുമായി മുന്നോട്ടുപോകുന്നതിന് പകരം ധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ക്കാണ് നേതൃത്വം നല്‍കിയത്. അതിന്റെ ഭാഗമായി ഭൂരിപക്ഷവര്‍ഗീയതയെ ആളിക്കത്തിക്കാനും അതിന്റെ ചട്ടുകങ്ങളായി പലരേയും ഉപയോഗപ്പെടുത്താനുമുള്ള ഹീനശ്രമങ്ങളാണ് പിന്നീട് കാണേണ്ടിവന്നത്. എന്നാല്‍ തീകൊള്ളികൊണ്ട് തലചൊറിയുന്ന ഈ സമീപനം ജനം തിരിച്ചറിയുകയും തദ്ദേശ തിരഞ്ഞെടുപ്പില്‍ അതിശക്തമായ തിരിച്ചടി നല്‍കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് എന്തുവിലകൊടുത്തും അധികാരത്തുടര്‍ച്ച സാധ്യമാക്കുകയെന്ന ലക്ഷ്യസാക്ഷാല്‍ക്കാരത്തിനായി ബി.ജെ.പിയുമായുള്ള കൈകോര്‍ക്കലിലേക്കെത്തിച്ചേര്‍ന്നിരിക്കുന്നത്. നിര്‍ണായക പോരാട്ടങ്ങള്‍ നടക്കുന്ന വിവിധ മണ്ഡലങ്ങളില്‍ പരസ്പര ധാരണയിലെത്തി, കൊണ്ടുംകൊടുത്തും മുന്നോട്ടുപോകാനുള്ള ധാരണയുടെ തെളിവുകള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

സംസ്ഥാനത്തെ 10 മണ്ഡലങ്ങളിലാണ് സി.പി.എം- ബി.ജെ.പി ഡീല്‍ പുറത്തായിരിക്കുന്നത്. ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ നിയമസഭയില്‍ എത്തിക്കാന്‍ സഹായിക്കാമെന്നും പകരം അധികാരം നിലനിര്‍ത്താന്‍ മറ്റ് മണ്ഡലങ്ങളില്‍ സഹായിക്കണമെന്നുമുള്ള ഡീലാണ് സി.പി.എം ഉറപ്പിച്ചിരിക്കുന്നത്. 10 സീറ്റുകളില്‍ ഡീല്‍ ഉറപ്പിച്ച്, അതിന് അനുസൃതമായ പ്രചാരണമാണ് നടത്തുന്നത്. കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കുനേര്‍ പോരാടുന്ന പാലക്കാട് നിയോജക മണ്ഡലം ഈ ഡീലിങ്ങിന്റെ നഖചിത്രമായി മാറിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റില്‍ സ്ഥിരമായി ബി.ജെ.പി.ക്ക് പിന്നില്‍ മൂന്നാമതായി മാറാറുള്ള പ്രസ്തുതമണ്ഡലത്തെക്കുറിച്ച് പാര്‍ട്ടിതന്നെ വിലയിരുത്തിയത് നാണംകെട്ട മൂന്നാം സ്ഥാനം എന്നായിരുന്നു. എന്നാല്‍ ആ നാണക്കേടിനെ സ്വയംകഴുത്തിലണിഞ്ഞാണ് ഈ ബാന്ധവത്തിന് പാര്‍ട്ടി തയാറായിരിക്കുന്നത്. കേരളം ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്ന മണ്ഡലത്തില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതിന് പകരം ഹോട്ടല്‍വ്യവസായിയെ രംഗത്തിറക്കുകയും ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ച് ബി.ജെ.പിക്ക് അനുകൂലമായ സ്ഥിതിവിശേഷം ഒരുക്കാനുള്ള തയാറെടുപ്പുമാണ് നടത്തിയിരിക്കുന്നത്. മണ്ഡലത്തില്‍ ബി.ജെ.പിക്കുപകരം കോണ്‍ഗ്രസിനുനേരെയാണ് സി.പി.എമ്മിന്റെ പ്രചരണങ്ങള്‍ മുഴുവന്‍ തിരിച്ചുവെച്ചിരിക്കുന്നത്. ജില്ലാ സെക്രട്ടറി മാത്രമല്ല, സംസ്ഥാനതലത്തില്‍ പോലുമുള്ള നേതാക്കള്‍ കോണഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകളും സൂചിപ്പിക്കുന്നത് മറ്റൊന്നല്ല.

ഇതിന്റെ പ്രത്യുപകാരം പത്തു മണ്ഡലങ്ങളിലെങ്കിലും എല്‍.ഡി.എഫിന് ബി.ജെ.പിയില്‍ നിന്ന് ലഭിക്കുമെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. ശക്തികേന്ദ്രങ്ങളെന്ന് ബി.ജെ.പി അവകാശപ്പെടുന്ന മണ്ഡലങ്ങള്‍ ഘടകകക്ഷികള്‍ക്ക് നല്‍കിയത് ഡീല്‍ ആരോപണം ശരിവെക്കുന്നതാണ്. റാന്നി, കോന്നി, തൃപ്പുണിത്തുറ, കൊടുങ്ങല്ലൂര്‍, കുന്നംകുളം, കളമശ്ശേരി, ഏറ്റുമാനൂര്‍, പത്തനാപുരം, തൊടുപുഴ എന്നിവിടങ്ങളിലെല്ലാം ബി.ജെ.പി.ക്ക് സാമാന്യം വോട്ടുള്ള മണ്ഡലങ്ങളാണ്. ഇവിടെയെല്ലാം ഘടകക്ഷികളാണ് മത്സരിക്കുന്നത്. ഈ മണ്ഡലങ്ങളാകട്ടെ പിടിച്ചുനിര്‍ത്താനും പിടിച്ചെടുക്കാനും ഇരുമുന്നണികളും പരിശ്രമിക്കുന്നവയുമാണ്. തദ്ദേശ തിരഞ്ഞെടുപ്പിനുശേഷമുള്ള രാഷ്ട്രീയസ്ഥിതി അനുസരിച്ച് 57 മണ്ഡലങ്ങളാണ് ഇടതുമുന്നണിക്കൊപ്പമുള്ളത്. ഭരണത്തിലേക്കാവശ്യമായ ബാക്കി മണ്ഡലങ്ങള്‍കൂടി ബി.ജെ.പിയുമായി ധാരണയിലെത്തുകയെന്നതാണ് സി.പി.എമ്മിന്റെ മനക്കണക്ക്. എന്നാല്‍ ഈ അവിശുദ്ധ ബാന്ധവം പുറത്തായ സാഹചര്യത്തില്‍ ജനാധിപത്യ കേരളം ചരിത്രത്തിലില്ലാത്ത തിരിച്ചടിയായിരിക്കും ഇരുകൂട്ടര്‍ക്കും സമ്മാനിക്കാന്‍ പോകുന്നതെന്നതാണ് യാഥാര്‍ത്ഥ്യം.

editorial

തെറിവിളിയിലൂടെയുള്ള തിരഞ്ഞെടുപ്പ് പ്രചരണം

മുന്‍മന്ത്രിയും അമ്പലപ്പുഴയിലെ യു.ഡി.എഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ജി. സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ‘ചെറ്റത്തരം’ പ്രയോഗം നിയമസഭാ തിരഞ്ഞെടുപ്പിലെ സി.പി.എമ്മിന്റെ വിഭ്രാന്തി പ്രതിഫലിപ്പിക്കുന്നതോടൊപ്പം പിണറായി വിജയന്റെ ധാര്‍ഷ്ട്യവും ധിക്കാരവും മറനീക്കിപ്പുറത്തുചാടിപ്പിച്ചിരിക്കുകയുമാണ്.

Published

on

By

മുന്‍മന്ത്രിയും അമ്പലപ്പുഴയിലെ യു.ഡി.എഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ജി. സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ‘ചെറ്റത്തരം’ പ്രയോഗം നിയമസഭാ തിരഞ്ഞെടുപ്പിലെ സി.പി.എമ്മിന്റെ വിഭ്രാന്തി പ്രതിഫലിപ്പിക്കുന്നതോടൊപ്പം പിണറായി വിജയന്റെ ധാര്‍ഷ്ട്യവും ധിക്കാരവും മറനീക്കിപ്പുറത്തുചാടിപ്പിച്ചിരിക്കുകയുമാണ്. തിരഞ്ഞെടുപ്പ് കാലത്തും അല്ലാതെയും അദ്ദേഹം നടത്തിയിട്ടുള്ള സഭ്യേതരമായ പലപരാമര്‍ശങ്ങളും സി.പി.എമ്മിനും ഇടതുമുന്നണിക്കും സാരമായ പരിക്കുകളാണ് ഏല്‍പ്പിച്ചിട്ടുള്ളത്. അന്തര്‍ലീനമായിക്കിടക്കുന്ന സ്വതസിദ്ധമായ ആ ശൈലിയെ മറികടക്കാന്‍ പി.ആര്‍ ഏജന്‍സികളെ ഉപയോഗിച്ച് വമ്പന്‍ മേക്കോവറുകളായിരുന്നു ഒന്നും രണ്ടും പിണറായി സര്‍ക്കാറുകളുടെ കാലത്ത് നടത്തിയിട്ടുള്ളത്. കോടികള്‍ ചിലവഴിച്ചുള്ള വിവിധങ്ങളായ സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാമുകളിലൂടെ ചിരിപ്പിച്ചും കരയിപ്പിച്ചും കണ്ണിറുക്കിയുമെല്ലാം അദ്ദേഹത്തെ അവതരിപ്പിക്കുന്നതിനിടയിലാണ് പഴയകാല ചെയ്തികളെപോലും ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള ഈ പരാമര്‍ശം ഉണ്ടായിരിക്കുന്നത്. തന്നെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയിട്ടുള്ള പരാമര്‍ശത്തിന് അതേഭാഷയില്‍ തിരിച്ചടിക്കുന്നതിന് പകരം ജി. സുധാകരന്‍ മാന്യമായി മറുപടി നല്‍കുകകൂടി ചെയ്തതോടെ അമ്പലപ്പുഴയില്‍ മാത്രമല്ല, കേരളം ഒന്നാകെ ചെറ്റത്തരം പ്രയോഗം ഇതിനകം ചര്‍ച്ചാവിഷയമായിത്തീര്‍ന്നിരിക്കുകയാണ്.

ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലാണ്, ജി.സുധാകരന്‍ കാണിച്ചത് ചെറ്റത്തരമാണെന്ന് പിണറായി പറഞ്ഞത്. സുധാകരനെക്കുറിച്ച് പറയാന്‍ മറ്റൊരു വാക്കില്ലെന്നും പിണറായി ആവര്‍ത്തിക്കുകയുണ്ടായി. ‘ഒരു സഖാവ് എന്നല്ല, ഒരു മനുഷ്യന് ചേരാത്ത വഞ്ചനയാണ് ജി. സുധാകരന്‍ കാണിച്ചത്. തങ്ങളുടെ പ്രധാനപ്പെട്ട സഖാവായിരുന്നു. മറ്റൊരു കൂട്ടരുമായി ചേരുമെന്ന് ചിന്തിക്കാന്‍ പറ്റുന്ന കാര്യമല്ലായിരുന്നു. അദ്ദേഹത്തിന് ഒരു വ്യതിയാനം വരുന്നുവെന്നു തോന്നിയപ്പോള്‍ വിളിച്ചിരുന്നുവെങ്കിലും ഫോണ്‍ എന്‍ഗേജ്ഡ് ആയിരുന്നു. രണ്ടാമതു വിളിച്ചപ്പോള്‍ ബെല്ലടിച്ചെങ്കിലും എടുത്തില്ല. മൂന്നാംതവണ വിളിച്ചപ്പോഴും എടുത്തില്ല. അപ്പോള്‍ മനഃപൂര്‍വം എടുക്കാതിരിക്കുന്നതാണെന്നു മനസ്സിലായി’. എന്നിങ്ങനെയായിരുന്നു അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍. സുധാകരനെ പോലെ പാര്‍ട്ടിവിട്ട കുഞ്ഞികൃഷ്ണനും പി. ശശിയും ടി.കെ ഗോവിന്ദനുമൊക്കെ ഇതേ ചെറ്റത്തരംതന്നെയാണ് കാണിച്ചിരിക്കുന്നതെന്നാണ് പിണറായി വിജയന്റെ നിലപാട്. കണ്ണൂര്‍ ജില്ലയില്‍ വിശേഷിച്ചും സംസ്ഥാനത്താകമാനവുമുണ്ടായിട്ടുള്ള അഭൂതപൂര്‍വമായ കൊഴിഞ്ഞുപോക്കും വിമതശല്യവുമാണ് പിണറായിയുടെ സമനിലതെറ്റിച്ചതെന്നത് സുവ്യക്തമാണ്. മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പറത്തി സ്വന്തക്കാരെയും ബന്ധുക്കളെയുമെല്ലാം കുത്തിനിറച്ചുള്ള സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥിപട്ടിക നേതാക്കള്‍ക്കുപോലും ഉള്‍ക്കൊള്ളാന്‍ കഴിയുന്നുണ്ടായിരുന്നില്ല.

ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ഏതുതീരുമാനവും അണികളെക്കൊണ്ട് അംഗീകരിപ്പിക്കാമെന്ന ധാരണയില്‍ നടത്തിയിട്ടുള്ള നീക്കുപോക്കുകള്‍ വ്യാപകമായി ചോദ്യംചെയ്യപ്പെടുകയും പരസ്യപ്രതികരണത്തിലൂടെ സധൈര്യമുള്ള ഇറങ്ങിപ്പോക്കുമെല്ലാം ആയതോടെയാണ് മുഖ്യമന്ത്രിയുടെ നിയന്ത്രണം വീണ്ടും നഷ്ടമായിരിക്കുന്നത്. മുന്‍കാലങ്ങളിലും പാര്‍ട്ടിവിട്ടുപോയവരെക്കുറിച്ചും പാര്‍ട്ടിയെ വിമര്‍ശിച്ചവര്‍ക്കുമൊക്കെ എതിരെ അദ്ദേഹം നടത്തിയിട്ടുള്ള പ്രയോഗങ്ങള്‍ സാംസ്‌കാരിക കേരളത്തിന് ഒരിക്കലും മറക്കാന്‍ കഴിയാത്തത്രയും നിന്ദ്യമായിരുന്നു. നികൃഷ്ടജീവി, പരനാറി, എടോ ഗോപാല കൃഷ്ണാ, കടക്ക് പുറത്ത്, കുലംകുത്തി… ആ പട്ടിക അങ്ങിനെ നീണ്ടുനിവര്‍ന്ന് കിടക്കുകയാണ്. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിസെക്രട്ടറിയായിരിക്കെ നടത്തിയിട്ടുള്ള പരനാറി പ്രയോഗം സി.പി.എമ്മിനുണ്ടാക്കിയ തിരിച്ചടി ചരിത്രത്തില്‍ രേഖപ്പെട്ടുകിടക്കുകയാണ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രനെതിരെ നടത്തിയ പരനാറി പ്രയോഗം അന്ന് പോളിറ്റ്ബ്യൂറോ അംഗമായിരുന്ന എം.എ ബേബിയുടെ പരാജയം സുനിശ്ചിതമാക്കിത്തീര്‍ക്കുകയായിരുന്നു.

ഇടതുകോട്ടയായി വിശേഷിപ്പിക്കപ്പെട്ടിരുന്ന കൊല്ലത്ത് നാല്‍പതിനായിരത്തിനടുത്ത് വോട്ടിന് തോല്‍ക്കേണ്ടിവന്ന എം.എ ബേബി പരാജയം ഉള്‍ക്കൊള്ളാനാവാതെ നിയമസഭാംഗത്വം രാജിവെക്കുന്നതിലേക്കുവരെ കാര്യങ്ങള്‍ എത്തിച്ചേരുകയുണ്ടായി. സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ആര്‍.എസ്.പി മുന്നണിവിട്ടതും യു.ഡി.എഫിന്റെ ഭാഗമായി മത്സരത്തിനിറങ്ങിയതുമാണ് പിണറായിയെ പ്രകോപിപ്പിച്ചത്. താമരശ്ശേരി ബിഷപ്പിന് നികൃഷ്ടജീവി എന്ന വിശേഷണം നല്‍കിയ അതേനാവില്‍നിന്നുതന്നെയാണ് ടി.പി ചന്ദ്രശേഖരനെതിരെ കുലംകുത്തി പ്രയോഗവുമുണ്ടായിട്ടുള്ളത്. അന്‍പത്തിയൊന്നുവെട്ടുവെട്ടി കൊലപ്പെടുത്തിയിട്ടും അരിശംതീരാഞ്ഞിട്ടെന്നവണ്ണമാണ് കുലംകുത്തി എന്നും കുലംകുത്തിതന്നെയെന്ന് അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചത്. ഏതായാലും പി.ആര്‍ നിയന്ത്രണങ്ങളെല്ലാം മറികടന്ന് സ്വതസിദ്ധമായ ശൈലിയിലേക്കുള്ള മുഖ്യമന്ത്രിയുടെ ഈ മടങ്ങിപ്പോക്ക് സി.പി.എമ്മിന്റെയും ഇടതു മുന്നണിയുടെയും തനിസ്വരൂപം ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കാനേ ഉപകരിക്കുകയുള്ളൂ. മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി ഇത്തരം പ്രയോഗങ്ങള്‍ അണികളില്‍പോലും അസ്വസ്തത സൃഷ്ടിച്ചുകൊണ്ടരിക്കുകയാണെന്നതാണ് യാഥാര്‍ത്ഥ്യം.

 

Continue Reading

editorial

ചില വര്‍ഗവഞ്ചകരും ചെറ്റത്തരവും

ആടിനെ പട്ടിയാക്കാനും പിന്നീട് അതിനെ പേപ്പട്ടിയാക്കാനും പാകത്തില്‍ പണം കാണിച്ചാല്‍ പ്ലാവില കണ്ട ആടിനെ പോലെ അതിനു പിന്നാലെ ഓടാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ തയ്യാറാവുന്നുണ്ടെന്നതാണ് ഇവരുടെ ഈ അജണ്ടകള്‍ വ്യാപിപ്പിക്കാന്‍ കാരണം.

Published

on

By

അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ അടുത്ത അനുയായിയും ജര്‍മ്മന്‍ രാഷ്ട്രീയക്കാരനും ഭാഷാ പണ്ഡിതനും നാസി പാര്‍ട്ടി നേതാവും പില്‍ക്കാലത്ത് ഹിറ്റ്‌ലറിന് കീഴില്‍ അജണ്ടകള്‍ സെറ്റു ചെയ്യാനുള്ള മന്ത്രിയുമൊക്കെയായിരുന്ന പോള്‍ ജോസഫ് ഗീബല്‍സ് ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ഉറപ്പായും പിണറായി മന്ത്രിസഭയില്‍ അംഗമായി കേരളത്തിലെ സി.പി.എമ്മിന്റെ നേതാവായി തുടരുമായിരുന്നു. കാരണം അത്രമേല്‍ വിദഗ്ധമായാണ് സി.പി.എമ്മും കിണറോലുവും മുണ്ടുടുത്ത മോദിയുമടങ്ങുന്ന സംഘം തിരഞ്ഞെടുപ്പിനായി അജണ്ടകള്‍ സെറ്റു ചെയ്യുന്നത്.

ആടിനെ പട്ടിയാക്കാനും പിന്നീട് അതിനെ പേപ്പട്ടിയാക്കാനും പാകത്തില്‍ പണം കാണിച്ചാല്‍ പ്ലാവില കണ്ട ആടിനെ പോലെ അതിനു പിന്നാലെ ഓടാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ തയ്യാറാവുന്നുണ്ടെന്നതാണ് ഇവരുടെ ഈ അജണ്ടകള്‍ വ്യാപിപ്പിക്കാന്‍ കാരണം. കഴിഞ്ഞ ദിവസം കെ. സുധാകരനെ ബി.ജെ.പിയാക്കാനും സ്വതന്ത്രനാക്കാനുമായിരുന്നു മാധ്യമങ്ങള്‍ക്ക് സി.പി.എം നല്‍കിയ അജണ്ട. അതിനനുസരിച്ച് അവര്‍ 48 മണിക്കൂറാണ് ആടിത്തിമിര്‍ത്തത്. സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കുന്നു, മത്സരിക്കുന്നില്ല, കെ.സി വേണുഗോപാലിനോട് പാര്‍ട്ടി വിട്ടതായി അറിയിക്കുന്നു, സുധാകരന്‍ കേരളത്തിലേക്ക് തിരിച്ചു, പൊട്ടിത്തെറി, ഭൂകമ്പം എന്തൊക്കെയായിരുന്നു. ഒടുവില്‍ കെ സുധാകരന്‍ തന്നെ താന്‍ മത്സരിക്കുന്നില്ലെന്നും യു.ഡി.എഫിനെ അധികാരത്തിലേറ്റാനായി ഏതറ്റം വരെയും പോകുമെന്നും പ്രഖ്യാപിക്കുന്നു.

ഉടനെ അടുത്ത അജണ്ട ഇറക്കി. പിണറായി മൂന്ന് മന്ത്രിസഭ വരില്ലെന്ന് സുധാകരന്‍ പറഞ്ഞില്ല. ഇങ്ങനെയൊക്കെ യു.ഡി.എഫിന് പിന്നാലെ ഓടാനായി വിധിക്കപ്പെട്ടവരാണ് കേരളത്തിലെ മിക്ക ചാനല്‍ മാധ്യമ പ്രവര്‍ത്തകരും മുതലാളിമാര്‍ ഈട്ടിയും തേക്കും അടിച്ചു മാറ്റിയ കള്ളന്‍മാരാവുമ്പോള്‍ കള്ളന് കഞ്ഞിവെച്ചവരുടെ കൂടെ ചേരുക എന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. പക്ഷേ അതിലേറെ രസം വാള്‍മാര്‍ട്ട് പുട്ടി തോറ്റു പോകുന്ന വിധത്തില്‍ മുഖ്യനും സംഘത്തിനുമായി പുട്ടിയിട്ട് വെളുപ്പിക്കാനായി ഇതേ ചാനലുകള്‍ ഇറങ്ങുന്നതാണ്. അത്തരത്തിലൊരു വെളുപ്പിക്കലിനിടയില്‍ മുഖ്യന്‍ പഴയ മുഖ്യന്‍ തന്നെയായി. എത്ര പി.ആര്‍ പണിയെടുത്താലും മൂഷിക സ്ത്രീ ഒടുവില്‍ മൂഷിക സ്ത്രീ തന്നെയായെന്ന് പറഞ്ഞ പോലൊയായി കാര്യങ്ങള്‍.

പണ്ട് കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രനെ പരനാറിയെന്നും താമരശ്ശേരി രൂപത ബിഷപ്പിനെ നികൃഷ്ട ജീവി എന്നുമൊക്കെ വിളിച്ച അതേ സാക്ഷാല്‍ വ്യക്തി തന്നെ ഇന്നലെ വരെ കൂടെയുണ്ടായിരുന്ന മുന്‍ മന്ത്രി ജി സുധാകരനെയും വിളിച്ചിരിക്കുന്നു. ഇത്തവണ പുതിയൊരു തെറിയാണെന്ന് മാത്രം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതില്‍ പിന്നെ കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന പദം വര്‍ഗ വഞ്ചകന്‍ എന്നതാണ്. ഞാനും സുഭദ്രാമ്മയും അഫന്‍ തമ്പ്രാനും എന്ന രീതിയില്‍ സി.പി.എം സ്ഥാനാര്‍ത്ഥി പട്ടികയുണ്ടാക്കിയപ്പോള്‍ തലക്കകത്ത് ആള്‍താമസമുള്ള സി.പി.എമ്മുകാരൊക്കെ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച് സ്വന്തം വഴിക്ക് നീങ്ങുകയാണ.് ഇതിന്റെ ചൊരുക്കാണ് വര്‍ഗ വഞ്ചകരാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് പിന്നില്‍. അത്തരത്തില്‍ മുന്‍മന്ത്രി ജി സുധാകരനെ മുഖ്യന്‍ വിശേഷിപ്പിച്ചിരിക്കുന്നത് ചെറ്റത്തരമെന്നാണ്.

താന്‍ ഫുള്‍ടൈം പാര്‍ട്ടിക്ക് വിധേയനാണെന്നും എല്ലാ കാലത്തും പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കണമെന്നുമാണ് മുഖ്യന്‍ പറയുന്നത്. പാര്‍ട്ടി തന്നെ പിണറായി ആയി മാറിയ കാലത്ത് ആര്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കണമെന്നതാണ് പാര്‍്ട്ടി പ്രവര്‍ത്തകര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. പാര്‍ട്ടി എടുക്കുന്ന നിലപാടാണ് പ്രധാനമെന്നാണ് മുഖ്യന്‍ പറയുന്നത്. പാര്‍ട്ടി വിടുന്നവര്‍ പറയുന്നതും ഇത് തന്നെ. പാര്‍ട്ടി സെക്രട്ടറിയുടെ ടേം കഴിഞ്ഞാല്‍ ഭാര്യ, മുഖ്യന് പ്രായവും അനാരോഗ്യവും ഒന്നും പ്രശ്‌നമല്ല മത്സരിക്കലോട് മത്സരിക്കല്‍ തന്നെ അപ്പോള്‍ സ്വാഭാവികമായും പാര്‍ട്ടി എടുക്കുന്ന ഈ നിലപാട് ചോദ്യം ചെയ്യുക എന്നത് തികച്ചും സ്വാഭാവികം മാത്രം. തള്ളലില്‍ പണ്ടേ മാസ്റ്ററായ പിണറായിയുടെ തിരഞ്ഞെടുത്ത തള്ളുകളിലൊന്നാണ് ഈയിടെ പുറത്ത് വന്നത്. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ വിശ്വാസികള്‍ തൃപ്തരാണ് പോലും.

ഏത് വിശ്വാസികള്‍ എന്നൊന്നും ചോദിക്കരുത്. ഭക്തിപ്രസ്ഥാനം എന്നൊന്ന് സി.പി.എമ്മില്‍ ഉടലെടുത്തതിനാല്‍ പിണറായി ഭക്തി മൂത്ത വിശ്വാസികളാവും ഇത്തരത്തില്‍ തൃപ്തിയണയുന്നത്. മറ്റൊന്ന് കോണ്‍ഗ്രസ് ബി.ജെ.പിയുടെ ബി ടീമാണെന്ന ആരോപണമാണ്. എ ടീമായി പിണറായിയും സര്‍ക്കാറും ഉള്ളപ്പോള്‍ പിന്നെന്തിന് ബി.ജെ.പി എന്നൊരു പാര്‍ട്ടി എന്നു പോലും കേരളം കഴിഞ്ഞ 10 വര്‍ഷമായി ചിന്തിക്കുമ്പോഴാണ് ഇത്തരത്തില്‍ കോമഡി പറയാനൊക്കെ മുഖ്യന്‍ ശ്രമിക്കുന്നത്. തനിക്ക് കോമഡിയും വഴങ്ങും എന്ന് മറ്റുള്ളവരെ കാണിക്കാനുള്ള സൈക്കോളജിക്കല്‍ മൂവാണോ ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വലിയ തോതില്‍ തനിക്കും സര്‍ക്കാറിനും പി.ആര്‍ ഇല്ലെന്നാണ് മുഖ്യന്‍ പറയുന്നത്. വലിയ തോത് എന്നതിന്റെ അളവു കോല്‍ എന്താണോ എന്തോ. പീഡനം അളക്കുന്ന മാപിനി വരെ ഉള്ള പാര്‍ട്ടിയായതിനാല്‍ ഇനി പി.ആര്‍ തോത് മാപിനിയും ചിലപ്പോള്‍ പാര്‍ട്ടി കൈവശം കാണും. അമ്പേ ഭക്തിമൂത്ത് ഓ.. മ്പ്രാ എന്ന് ഓച്ഛാനിച്ച് നില്‍ക്കുന്ന മാധ്യമങ്ങളൊന്നും തന്നെ ചെറ്റത്തരം എന്ന് ഒരു മുന്‍മന്ത്രിയെ വിശേഷിപ്പിച്ചതിനെ ചോദ്യം ചെയ്യാന്‍ തയ്യാറാവില്ല. കാരണം രായാവ് കോപിച്ചാല്‍ തുട്ട് കിട്ടില്ലല്ലോ അപ്പോള്‍ സ്വാഭാവികമായും മുതലാളിമാര്‍ ഈ പ്രൊപ്പഗണ്ട ഏറ്റ് പിടിക്കും. എന്ത് ഉഡായിപ്പും വെളുപ്പിച്ചെടുക്കും നമുക്കും കിട്ടണം പണം ഇതാണ് ഇപ്പോള്‍ സര്‍ക്കാര്‍ വിലാസം മാധ്യമങ്ങളുടെ ആപ്തവാക്യം.

Continue Reading

editorial

കേരളം തിരഞ്ഞെടുപ്പ് ഗോദയിലേക്ക്

ഇരുമുന്നണികള്‍ക്കും ഒരേ പോലെ നിര്‍ണായകമായ പോരാട്ടത്തില്‍ ഏറെ ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ് ജനങ്ങളെ അഭിമുഖീകരിക്കുന്നത്.

Published

on

By

അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളവും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് കാലെടുത്തുവെച്ചിരിക്കുകയാണ്. ഇരുമുന്നണികള്‍ക്കും ഒരേ പോലെ നിര്‍ണായകമായ പോരാട്ടത്തില്‍ ഏറെ ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ് ജനങ്ങളെ അഭിമുഖീകരിക്കുന്നത്. അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും മുഖമുദ്രയായി മാറിയ ഇടതു സര്‍ക്കാറിനെതിരെയുള്ള അതിശക്തമായ ഭരണവിരുദ്ധവികാരവും സ്ഫടികസമാനം തെളിഞ്ഞുനില്‍ക്കുമ്പോള്‍ പിണറായി ഭരണകൂടത്തെ താഴെയിറക്കാന്‍ ജനംകാത്തുനില്‍ക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.

ലോകസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പലുമെല്ലാം പുറത്തെടുത്ത വികാരം വര്‍ധിത വീര്യത്തോടെയായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനം പ്രകടിപ്പിക്കുക. ശബരിമല സ്വര്‍ണക്കൊള്ള, ആരോഗ്യ രംഗത്തെ അരക്ഷിതാവസ്ഥ, ആഭ്യന്തര രംഗത്തിന്റെ തകര്‍ച്ച, അധികാരത്തുടര്‍ച്ചയുടെ ആലസ്യവും ധാര്‍ഷ്ട്യവും തുടങ്ങി അതിനുള്ള കാരണങ്ങള്‍ നീണ്ടുനിവര്‍ന്നുനില്‍ക്കുകയാണ്. കഴിവുകേടുകള്‍ മറച്ചുവെക്കാന്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന കോടികള്‍ ചിലവഴിച്ചുകൊണ്ടുള്ള പി.ആര്‍ വര്‍ക്കുകള്‍ ധൂര്‍ത്തിന്റെ പര്യായമായി മാറുമ്പോള്‍ ഫലത്തില്‍ അതും ബൂമറങ്ങായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ച്ചയാണ്. ഏറ്റവുമൊടുവില്‍ നടന്നിട്ടുള്ള തദ്ദേശ തിരഞ്ഞെടുപ്പില്‍ സര്‍ക്കാറിന് അഭൂതപൂര്‍വമായ തിരച്ചടി സമ്മാനിച്ചതില്‍ ഒന്നാമത്തെ ഘടകം ശബരിമലയിലെ സ്വര്‍ണക്കൊള്ളതന്നെയാണ്.

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷവും സ്വര്‍ണമോഷ്ടാക്കാളെ സംരക്ഷിക്കാന്‍ നടത്തിയിട്ടുള്ള നീക്കങ്ങളും മന്ത്രിസഭയിലെ ഉന്നതര്‍ക്ക് കുറ്റക്കാരുമായുള്ള ബാന്ധവുമെല്ലാം മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ കൊടുംപാതകത്തിന്‍ ആ മഹാഗര്‍ത്തത്തില്‍നിന്ന് സി.പി.എമ്മിനും സര്‍ക്കാറിനും ഒരിക്കലും കരകയറാനാകില്ലെന്നതാണ് ബോധ്യമാകുന്നത്. കേസില്‍ സിപിഎമ്മിന്റെ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ ഒന്നിനുപുറകെ ഭരണസമിത അംഗങ്ങള്‍ ഘോഷയാത്രയായാണ് ജയിലിലേക്ക് പോയിരുന്നത്. സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റിയംഗം എ പത്മകുമാര്‍ ഉള്‍പ്പെടെ അറസ്റ്റിലായതോടെ മറുപടി പറയാന്‍ നേതൃത്വം നിര്‍ബന്ധിതമായെങ്കിലും പ്രതിരോധിക്കാന്‍ പറഞ്ഞ വാദങ്ങളൊന്നും ജനത്തിന് മുഖവിലക്കെടുക്കാന്‍ കഴിയുന്ന തരത്തിലുള്ളതായിരുന്നില്ല. അറസ്റ്റിലായ നേതാക്കള്‍ക്കെതിരേ നടപടിയെടുക്കാന്‍ പോലും കഴിയാത്തത് ആ മഹാ അപരാഥത്തില്‍ പാര്‍ട്ടിക്കുള്ള പങ്കിന്റെ വ്യക്തമായ തെളിവായിരുന്നു.

ശബരിമല വിഷയത്തില്‍ പ്രതിസ്ഥാനത്തായ സര്‍ക്കാര്‍ വിശ്വാസികളെ ഒപ്പം കൂട്ടാന്‍ നടത്തിയ ആഗോള അയ്യപ്പസംഗമം വെളുക്കാന്‍ തേച്ചത് പാണ്ടായി മാറ്റുകയായിരുന്നു. സര്‍ക്കാരിനെ വിവാദത്തിന്റെ ചുഴിയിലേക്കാണ് ആ നീക്കം തള്ളിവിട്ടത്. ആഗോള അയ്യപ്പസംഗമത്തിന്റെ ചെലവുകണക്കുകളില്‍ അടിമുടി പിഴവുകളും ധൂര്‍ത്തും ഹൈക്കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നതാണ് തുടക്കം. ആരോപണങ്ങളും വാദപ്രതിവാദങ്ങളും നിറഞ്ഞതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലുമായി.

ഒടുക്കം കണക്കുകള്‍ നേരിട്ട് പരിശോധിക്കാന്‍ ഹൈക്കോടതി എത്തിയതുവരെയായി കാര്യങ്ങള്‍. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ എന്ന് കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പരിശോധിക്കാനാണ് ദേവസ്വം ബെഞ്ച് തീരുമാനിച്ചിരിക്കുന്നത്.

ഭരണവിരുദ്ധ വികാരത്തെ മറികടക്കാന്‍ സര്‍ക്കാര്‍ നടത്തിയ ട്രിപ്പീസ് കളികളെല്ലാം അതേ നാണയത്തില്‍ തിരിച്ചടിക്കുന്നതിനും കേരളം സാക്ഷിയാവുകയുണ്ടായി. അതില്‍ പ്രധാനമായിരുന്ന നവകേരള സദസും അനുബന്ധവിവാദങ്ങളും. നവകേരള സദസിന്റെ പേരില്‍ കോടികള്‍ ചിലവഴിച്ചുകൊണ്ടുള്ള മന്ത്രിസഭയുടെ വിനോദ യാത്ര വെറും പ്രഹസനമായിത്തീര്‍ന്നപ്പോള്‍ അതിന്റെ പേരില്‍ സര്‍ക്കാര്‍ ചിലവഴിച്ച കോടികളെ കുറിച്ചായിരുന്നു ജനംചര്‍ച്ചചെയ്തത്. സാധാരണക്കാര്‍ക്ക് ഒരുരൂപയുടെ ഗുണംപോലും ലഭിക്കാത്ത യാത്രയില്‍ പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ച്ചപോലുള്ള പ്രഹസനങ്ങള്‍ക്കായിരുന്ന ജനംസാക്ഷ്യംവഹിച്ചത്. ഈ ധൂര്‍ത്ത് യാത്രക്കെതിരെ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തെ പാര്‍ട്ടിക്കാര്‍ നേരിട്ട രീതിയും മുഖ്യമന്ത്രിതന്നെ അക്രമികളെ ന്യായീകരിച്ചുകൊണ്ട് രംഗത്തുവന്നതും സര്‍ക്കാറിന് കൂനിന്‍മേല്‍ കുരുവായിത്തീരുകയായിരുന്നു.

ചികിത്സാ പിഴവിന്റെയും ഗുരുതരമായ ക്രമക്കേടുകളും കേന്ദ്രമായി ആരോഗ്യ മേഖലമാറിയപ്പോള്‍ വകുപ്പ് മന്ത്രി സ്വീകരിച്ച സമീപനവും ഈ സര്‍ക്കാറിനുണ്ടാക്കിയ നാണക്കേട് പറഞ്ഞറിയിക്കാനാകാത്തതായിരുന്നു. യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ പരിക്കേറ്റെന്ന വ്യാജേന ആശുപത്രിയില്‍ അഡ്മിറ്റാവുകയും തീവ്രപരിചരണ വിഭാഗത്തില്‍വരെ പ്രവേശിപ്പിക്കുകയും ചെയ്തുവെങ്കിലും, പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോള്‍ ഒരുപോറല്‍പോലുമേറ്റില്ലെന്ന് വ്യക്തമായതോടെ മന്ത്രിയും സര്‍ക്കാറും നാണക്കേടിന്റെ അങ്ങേയറ്റത്തേക്ക് പതിക്കുകയായിരുന്നു. എന്നാല്‍ സര്‍ക്കാറിന്റെ വീഴ്ച്ചകളെ കൃത്യമായി തുറന്നുകാണിക്കുകയും ഭരണകൂടത്തോടുള്ള ജനങ്ങളുടെ പ്രതിഷേധം കൃത്യമായി നിയമസഭക്കകത്തും പുറത്തും പ്രകടിപ്പിക്കാനും കഴിഞ്ഞ പ്രതിപക്ഷത്തിനുള്ള ജനങ്ങളുടെ അംഗീകാരമായിരുന്നു രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്തെ ജനവിധികളെല്ലാം.

ജനങ്ങളില്‍ നിന്ന് തീര്‍ത്തും ഒറ്റപ്പെട്ടപ്പോള്‍ വര്‍ഗീയ ധ്രുവീകരണത്തിനുള്ള വ്യാപകമായ ശ്രമങ്ങളും ഈ സര്‍ക്കാറിന്റെ കാലത്ത് ഒളിയും മറയുമില്ലാതെ നടന്നുകൊണ്ടിരിക്കുകയാണ്. വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും വിഷഭീജങ്ങള്‍ പരത്തുന്നവരെ ഒളിഞ്ഞുംതെളിഞ്ഞും താലോലിച്ചുകൊണ്ടിരിക്കുന്നത് ഏതുവിധേനയും അധികാരം നിലനിര്‍ത്തുക എന്ന ഒറ്റലക്ഷ്യത്തിലാണ്. എന്നാല്‍ ജനാധിപത്യ കേരളം ഈ കുത്സിത ശ്രമങ്ങളെയെല്ലാം തിരിച്ചറിയുകയും ശക്തമായ മറുപടി നല്‍കാന്‍ കാത്തിരിക്കുകയുമാണ്. അതിന്റെ സാക്ഷ്യപ്പെടുത്തലായിരിക്കും ഏപ്രില്‍ 9 ലെ ജനവിധി.

 

Continue Reading

Trending