Culture

കള്ളവോട്ട്; സമയം മെനക്കെടുത്തരുതെന്ന് കെ. സുരേന്ദ്രനോട് ഹൈക്കോടതി

By chandrika

August 10, 2017

കൊച്ചി: മഞ്ചേശ്വരത്ത് കള്ളവോട്ട് ചെയ്തുവെന്ന ഹര്‍ജിയില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കള്ളനോട്ടുമായി ബന്ധപ്പെട്ട് കോടതിയില്‍ നല്‍കിയ ആളുകളെ വിസ്തരിക്കുന്നത് നിസാരകാര്യമല്ലെന്ന് കോടതി പറഞ്ഞു.

സുരേന്ദ്രന്‍ സമര്‍പ്പിച്ച 75പേരുടെ കൃത്യമായ മേല്‍വിലാസം നല്‍കണം. ഇത്രയും പേരെ വിസ്തരിക്കുന്നത് നിസാരകാര്യമല്ല. ലാഘവത്തോടെയാണോ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും കോടതി ചോദിച്ചു. സ്ഥലത്തില്ലാത്ത ആളുകളുടെ ബന്ധുക്കള്‍ സമന്‍സ് കൈപ്പറ്റിയാല്‍ അവരെ അറിയിക്കുമെന്ന് എന്താണ് ഉറപ്പ്. വിദേശത്തുള്ളവര്‍ ആരൊക്കെയാണ്? അത് ഹര്‍ജിക്കാരന് അറിയില്ലേ?വെറുതെ കോടതിയുടെ സമയം മെനക്കെടുത്തരുതെന്നും കോടതി വിമര്‍ശിച്ചു. കേസ് വീണ്ടും 22ന് പരിഗണിക്കും. നിലവില്‍ 175പേരെയാണ് കേസില്‍ കോടതി വിസ്തരിച്ചിട്ടുള്ളത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ 259 പേര്‍ കള്ളവോട്ട് ചെയതുവെന്നാണ് സുരേന്ദ്രന്റെ ഹര്‍ജി. തുടര്‍ന്ന് ഇവര്‍ക്ക് സമന്‍സ് അയക്കാനും ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു.