തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും പിരിച്ചുവിട്ട 94 താല്‍കാലിക കണ്ടക്ടര്‍മാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിലവില്‍ കെ.എസ്.ആര്‍.ടി.സിയില്‍ പ്രതിസന്ധി തുടരുകയാണ്. ഇന്നും കൂടുതല്‍ സര്‍വ്വീസുകള്‍ മുടങ്ങിയേക്കും.

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പിഎസ്‌സി നിയമന ഉത്തരവ് കിട്ടിയ 4051 കണ്ടക്ടമാര്‍രെ ഇന്ന് നിയമിക്കും. അതേസമയം, പിരിച്ചുവിടപ്പെട്ട താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ലോങ് മാര്‍ച്ച് തുടങ്ങി.

കരാര്‍ തൊഴിലാളികളെ പിരിച്ചുവിട്ട് പിഎസ്സി ലിസ്റ്റില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാന്‍ ഹൈക്കോടതി നല്‍കിയ കാലപരിധി ഇന്ന് അവസാനിക്കും. രണ്ട് ദിവസത്തിനകം ഉത്തരവ് നടപ്പാക്കി വിശദാംശങ്ങള്‍ അറിയിക്കണമെന്നായിരുന്നു നേരത്തെ കോടതി കെഎസ്ആര്‍ടിസിക്ക് നല്‍കിയ നിര്‍ദ്ദേശം.