kerala

നവീന്‍ ബാബുവിന്റെ മരണം: നെട്ടോട്ടമോടി അന്വേഷണ സംഘം

By webdesk17

November 30, 2024

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഹൈക്കോടതി കേസ് ഡയറി ചോദിച്ചതോടെ നെട്ടോട്ടമോടി അന്വേഷണ സംഘം. ആറാം തീയതി കോടതി കേസ് പരിഗണിക്കുമ്പോള്‍ തിരിച്ചടി ഉണ്ടാകാതിരിക്കാന്‍ തിടുക്കപ്പെട്ട് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. അന്വേഷണത്തില്‍ പ്രാഥമികമായി പൂര്‍ത്തീകരിക്കേണ്ട നടപടികളാണ് അന്വേഷണം സംഘം ഇപ്പോള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ജില്ലാ കളക്ടറുടെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തിയത്. അന്ന് തന്നെ നവീന്‍ ബാബുവിന്റെ ഫോണ്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇന്നലെ പിടിച്ചെടുത്ത വസ്തുക്കളടങ്ങിയ സീഷര്‍ മഹസറും കോടതിയില്‍ ഹാജരാക്കി. കേസ് എടുത്ത് ഒന്നര മാസത്തിന് ശേഷമാണ് അന്വേഷണ സംഘത്തിന്റെ നടപടി. ഒക്ടോബര്‍ 17 നായിരുന്നു സംഭവത്തില്‍ പൊലീസ് കേസെടുത്തത്.

ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി ഇല്ലാതിരിക്കാനാണ് തിടുക്കപ്പെട്ട് അന്വേഷണ സംഘത്തിന്റെ നടപടി. ആറാം തീയതി കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ കേസില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച റിപ്പോര്‍ട്ട് അന്വേഷണ സംഘം നല്‍കണം.