kerala

സൂരജ് ലാമയുടെ തിരോധാനം; മെഡിക്കല്‍ കോളജിനെതിരെ ഹൈകോടതി രൂക്ഷ വിമര്‍ശനം

By webdesk18

December 01, 2025

കൊല്‍ക്കത്ത സ്വദേശി സൂരജ് ലാമയുടെ ദുരൂഹമായ തിരോധാനത്തില്‍ കളമശ്ശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനെയും പൊലീസിനെയുംതിരെ ഹൈകോടതി കടുത്ത വിമര്‍ശനം ഉയര്‍ത്തി. മകന്‍ സാന്റോണ്‍ ലാമ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് എം.ബി. സ്‌നേഹലതയും അടങ്ങുന്ന ബെഞ്ച് പ്രതികരിച്ചത്.

പൊലീസ് മെഡിക്കല്‍ കോളജില്‍ എത്തിച്ച ആളെ പിന്നീട് കാണാതാവുന്നത് എങ്ങനെ? നഗരത്തില്‍ എന്ത് തരത്തിലുള്ള നിരീക്ഷണ സംവിധാനമാണ് നിലവിലുള്ളത്? ആശുപത്രിയില്‍ നിന്ന് സൂരജ് എങ്ങനെ പുറത്തുപോയി? കോടതി കടുത്ത വിമര്‍ശനവുമായി ചോദ്യം ഉയര്‍ത്തി.

സൂരജ് ലാമയുടേതാണെന്നാണ് സംശയിക്കുന്ന മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മൃതദേഹത്തിന് ആഴ്ചകള്‍ പഴക്കമുണ്ടെന്നും ഡി.എന്‍.എ പരിശോധനയ്ക്ക് ശേഷമേ വ്യക്തത ഉണ്ടാകൂവെന്നും അറിയിപ്പുണ്ടായി.

സംഭവം കൊലപാതകമല്ലെന്ന് പൊലീസ് നേരത്തേ പറഞ്ഞതിനെതിരെ കോടതി ചോദ്യം ഉയര്‍ത്തി. ”സംഭവത്തില്‍ കൊലപാതക സാധ്യത മുന്‍പിലെന്തായാലും ഉണ്ട്. നഗരത്തിലെ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ പൊലീസിന്റെ നിരീക്ഷണം എങ്ങനെ ഇല്ല?” ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

സൂരജിന്റെ മകന്‍ സാന്റോണ്‍ ലാമ മാധ്യമങ്ങളോട് പറഞ്ഞത്, പിതാവിനെ അഡ്മിറ്റ് ചെയ്തതിന്റെ രേഖകള്‍ ആശുപത്രി ആദ്യം നിഷേധിച്ചു.പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനുശേഷമാണ് സൂരജ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നതാണെന്ന് കണ്ടെത്തിയത്. നിരീക്ഷണവും നടപടിക്രമവുമെല്ലാം വകവെയ്ക്കാതെ പിതാവിനെ വിട്ടയച്ചതാണ് വലിയ വീഴ്ച. പിതാവ് വിഷമദ്യദുരന്തത്തിന്റെ ഇരയായും സ്മൃതി നഷ്ടപ്പെട്ട നിലയിലുമായിരുന്നു.”ഇങ്ങനെയാണോ കേരളം ഒരു രോഗിയെ കൈകാര്യം ചെയ്യുന്നത്?” സാന്റന്‍ വിമര്‍ശിച്ചു.

കുവൈത്തില്‍ വിഷമദ്യ ദുരന്തത്തിനിരയായി ഓര്‍മ നഷ്ടപ്പെട്ട നിലയില്‍ നാടുകടത്തപ്പെട്ട സൂരജ് ലാമ ഒക്ടോബര്‍ 5-ന് പുലര്‍ച്ചെ കൊച്ചിയിലെത്തി. തൃക്കാക്കര പൊലീസ് കണ്ടെത്തി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്ന് പുറത്തുപോയതിന് ശേഷം അദ്ദേഹം കാണാതാവുകയുണ്ടായി.

അന്വേഷണത്തിനിടെ ഒക്ടോബര്‍ 10-ന് എച്ച്.എം.ടി റോഡ്, എന്‍.ഐ.എ ഓഫീസ് സമീപം നടക്കുന്നതായി സി.സി.ടി.വിയില്‍ പകര്‍ത്തപ്പെട്ടിരുന്നു. പിന്നീട് ഞായറാഴ്ച എച്ച്.എം.ടി പരിസരത്തെ കാടുവളര്‍ന്ന പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്.

ഹൈകോടതി ഡി.എന്‍.എ ഫലം അടക്കമുള്ള വിശദമായ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ”സംഭവത്തില്‍ ഉത്തരവാദികളെ കണ്ടെത്താതെ കേസ് അവസാനിപ്പിക്കില്ല,” കോടതി വ്യക്തമാക്കി.