News

സ്‌പെയിനിലെ കോര്‍ഡോബയില്‍ അതിവേഗ ട്രെയിന്‍ അപകടം: 21 മരണം, 25ലധികം പേര്‍ക്ക് ഗുരുതര പരുക്ക്

By sreenitha

January 19, 2026

മാഡ്രിഡ്: സ്‌പെയിനിലെ കോര്‍ഡോബ പ്രവിശ്യയില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ ഗുരുതര അപകടത്തില്‍ 21 പേര്‍ മരിച്ചു. 25ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മലാഗയില്‍ നിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന അതിവേഗ ട്രെയിന്‍ പാളം തെറ്റി സമീപ ട്രാക്കിലേക്ക് ഇടിച്ചുകയറിയതാണ് അപകടകാരണമെന്ന് അധികൃതര്‍ അറിയിച്ചു.

പ്രാദേശിക സമയം വൈകുന്നേരം 7.45ഓടെയായിരുന്നു അപകടമെന്ന് ദേശീയ മാധ്യമമായ ആര്‍ടിവിഇ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 300 യാത്രക്കാര്‍ ട്രെയിനുകളിലുണ്ടായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍പ്പെട്ട ആദ്യ ട്രെയിനിന്റെ ഒരു ബോഗി പൂര്‍ണമായും മറിഞ്ഞതായി ദൃക്സാക്ഷികള്‍ പറഞ്ഞു. നിരവധി യാത്രക്കാര്‍ ഇപ്പോഴും ട്രെയിനിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അപകടത്തെ തുടര്‍ന്ന് മാഡ്രിഡിനും അന്‍ഡലൂഷ്യയ്ക്കുമിടയിലെ അതിവേഗ റെയില്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സര്‍വീസ് നടത്തുകയായിരുന്ന എല്ലാ ട്രെയിനുകളും തിരിച്ചുവിട്ടതായി അധികൃതര്‍ അറിയിച്ചു. മാഡ്രിഡ്‌കോര്‍ഡോബ അതിവേഗ ട്രെയിന്‍ സര്‍വീസുകള്‍ തിങ്കളാഴ്ച മുഴുവന്‍ നിര്‍ത്തിവയ്ക്കുമെന്നും റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ അതോറിറ്റിയായ എഡിഐഎഫ് അറിയിച്ചു.

ദുരന്തത്തില്‍ സ്‌പെയിന്‍ രാജാവ് ഫെലിപ്പ് ആറാമനും രാജ്ഞി ലെറ്റിസിയയും അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ആഴത്തിലുള്ള ദുഃഖം അറിയിക്കുന്നതായും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും രാജകുടുംബം അറിയിച്ചു.

അപകടകാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.