crime

‘ഹൈറിച്ച്’ ; ‘കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ നിക്ഷേപത്തട്ടിപ്പ്’, ഉടമകൾക്ക് മുന്‍കൂർ ജാമ്യം നല്‍കരുതെന്ന് ഇ.ഡി

By webdesk14

January 31, 2024

കൊച്ചി: തൃശൂർ ആസ്ഥാനമായ ഹൈറിച്ച് കമ്പനി ഉടമകളുടെ തട്ടിപ്പിൽ വിശദമായ അന്വേഷണം വേണമെന്നും പ്രതികൾക്കു മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ സാമ്പത്തിക, നിക്ഷേപ തട്ടിപ്പുകളിലൊന്നാണ് ഹൈറിച്ചുമായി ബന്ധപ്പെട്ടുള്ളതെന്നും പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ഇ.ഡി സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ പറയുന്നു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

തൃശൂർ ആസ്ഥാനമായ ‘ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ്’ 1630 കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ചേർപ്പ് പൊലീസ് നേരത്തെ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ 100 കോടി രൂപയുടെ ഹവാല കടത്തുമായി ബന്ധപ്പെട്ടാണ് ഇഡി ഈ കേസ് അന്വേഷിക്കുന്നത്. ഓൺലൈൻ വഴി പലചരക്ക് ഉൾപ്പെടെ സാധനങ്ങൾ വിൽക്കുന്ന കമ്പനി ഓൺലൈൻ മണിചെയിൻ അടക്കം ആരംഭിക്കുകയും ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ജനങ്ങളിൽനിന്ന് നിക്ഷേപം വാങ്ങി തട്ടിപ്പു നടത്തുകയും ചെയ്തു എന്നതടക്കം ഒട്ടേറെ പരാതികൾ നിലവിലുണ്ട്. ഇതിനിടെ, 126 കോടി രൂപ വെട്ടിച്ചുവെന്ന് സംസ്ഥാന ജിഎസ്‍ടി വിഭാഗം കണ്ടെത്തുകയും ഉടമയായ കെ.ഡി. പ്രതാപൻ‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. ഇക്കാര്യങ്ങൾ കോടതിയിൽ സമർപ്പിച്ച 12 പേജ് വരുന്ന എതിർ സത്യവാങ്മൂലത്തിൽ ഇഡി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിനിടെ വിദേശത്തേക്ക് പണം കടത്തുന്നു എന്ന പരാതിയിൽ ഇഡി റെയ്ഡ് നടത്തിയെങ്കിലും കമ്പനി എംഡി പ്രതാപനും ഭാര്യയും കമ്പനി സിഇഒയുമായ ശ്രീനയും രക്ഷപെട്ടു. പിന്നാലെയാണ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ പ്രതികൾ സ്ഥിരം കുറ്റവാളികളാണെന്നു ചൂണ്ടിക്കാട്ടിയ ഇഡി, കേരളത്തിൽ മാത്രം 19 സ്ഥലങ്ങളിൽ ഇവർക്കെതിരെ കേസുകൾ റജിസ്റ്റർ ചെയ്തിട്ടുള്ളതിന്റെ രേഖകളും കോടതിയിൽ സമർപ്പിച്ചു.