india

പ്രാദേശിക ഭാഷകളെ ഹിന്ദി വിഴുങ്ങും; കേന്ദ്രത്തിനെതിരെ ഉദയനിധി സ്റ്റാലിന്‍

By Lubna Sherin K P

January 26, 2026

ചെന്നൈ: ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് രാജ്യത്തെ വിവിധ പ്രാദേശിക മാതൃഭാഷകളെ ഇല്ലാതാക്കുമെന്നും സാംസ്‌കാരിക പൈതൃകത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയില്‍ നടന്ന ഭാഷാ രക്തസാക്ഷി ദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദിയുടെ ആധിപത്യം കാരണം വടക്കേ ഇന്ത്യയിലെ പല പ്രാദേശിക ഭാഷകളും ഇതിനകം അപ്രത്യക്ഷമായതായി ഉദയനിധി ചൂണ്ടിക്കാട്ടി. ഹരിയാന്‍വി, ഭോജ്പുരി, ബിഹാറി, ഛത്തീസ്ഗഢി തുടങ്ങിയ ഭാഷകള്‍ ഇതിന് ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം നടപ്പിലാക്കുന്ന ‘ത്രിഭാഷാ നയം’ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ഒരു തന്ത്രമാണെന്നും, ഇത് സംസ്ഥാനങ്ങളുടെ സാംസ്‌കാരിക സ്വത്വത്തെ നശിപ്പിക്കുമെന്നും അദ്ദേഹം ആരോപിച്ചു. തമിഴ്നാട്ടില്‍ ഹിന്ദിക്ക് സ്ഥാനമില്ലെന്നും ദ്വിഭാഷാ നയത്തില്‍ (തമിഴ്, ഇംഗ്ലീഷ്) മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍കാലങ്ങളിലോ ഇപ്പോഴോ ഇനി വരാനിരിക്കുന്ന കാലത്തോ തമിഴ്നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും വ്യക്തമാക്കിയിട്ടുണ്ട്. ഭാഷാ സമരത്തിന്റെ പേരില്‍ ഇനിയൊരു ജീവന്‍ പോലും നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.