ന്യൂഡല്‍ഹി: ക്രിസ്മസ് പോലുള്ള മതപരമായ ആഘോഷങ്ങളില്‍ നിന്ന് ഹിന്ദുക്കള്‍ വിട്ടുനില്‍ക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ആഹ്വാനം ചെയ്തു. മതവും സാംസ്‌കാരിക പാരമ്പര്യവും സംരക്ഷിക്കാനാണ് ഈ നിലപാടെന്ന് സംഘടന വ്യക്തമാക്കി. ഹിന്ദു കടയുടമകള്‍ ക്രിസ്മസ് അലങ്കാരങ്ങള്‍ ഒഴിവാക്കണമെന്നും, അത്തരത്തിലുള്ള കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുതെന്നും വിഎച്ച്പി നിര്‍ദേശിച്ചു. വാണിജ്യ ലാഭത്തിനായി ‘ ഹാപ്പി ക്രിസ്മസ് ‘, ‘മെറി ക്രിസ്മസ്’ തുടങ്ങിയ അലങ്കാരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് സാംസ്‌കാരിക ആശയക്കുഴപ്പവും സ്വയം അവഹേളനവും പ്രോത്സാഹിപ്പിക്കുന്നതാണെന്ന് സംഘടന ആരോപിച്ചു.
ഡിസംബര്‍ 13ന് വിഎച്ച്പി ഇന്ദ്രപ്രസ്ഥ പ്രവിശ്യാ മന്ത്രി സുരേന്ദ്ര ഗുപ്ത കടയുടമകള്‍ക്കും ഷോപ്പിംഗ് മാള്‍ നടത്തിപ്പുകാര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമുള്ള കത്തില്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദീര്‍ഘകാലമായി സംഘടിത മതപരിവര്‍ത്തന ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും മറ്റ് മതങ്ങളുടെ ഉത്സവങ്ങളില്‍ പങ്കെടുക്കുന്നത് അവയ്ക്ക് സാമൂഹിക അംഗീകാരം നല്‍കുന്നതായെന്നും കത്തില്‍ പറയുന്നു.
ക്രിസ്മസ് ആഘോഷിക്കുന്നതോ അലങ്കാരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതോ ചെയ്യുന്ന ഷോപ്പിംഗ് മാളുകളുടെയും സ്‌കൂളുകളുടെയും മാനേജ്‌മെന്റുകള്‍ക്ക് കത്തയക്കുമെന്നും വിഎച്ച്പി അറിയിച്ചു. ഇതിലൂടെ സംഘര്‍ഷമോ ശത്രുതയോ സൃഷ്ടിക്കുകയല്ല ലക്ഷ്യമെന്നും സമാധാനപരമായ സാംസ്‌കാരിക ഉണര്‍വ് വളര്‍ത്തുകയാണ് ഉദ്ദേശമെന്നും സംഘടന നേതാക്കള്‍ വിശദീകരിച്ചു.
ക്രിസ്ത്യന്‍ മിഷനറിമാര്‍ ഹിന്ദുസമൂഹത്തിന്റെ സഹിഷ്ണുതയെ ചൂഷണം ചെയ്ത് മതപരിവര്‍ത്തനം നടത്തുകയാണെന്നും അത് തടയുകയാണ് കത്തിന്റെ ലക്ഷ്യമെന്നും സുരേന്ദ്ര ഗുപ്ത മാധ്യമത്തോട് പറഞ്ഞു. ഇന്ത്യയില്‍ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളില്‍ നിന്ന് സഭ പരസ്യമായി വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മതപരിവര്‍ത്തന ശ്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സമൂഹത്തെ സംരക്ഷിക്കാന്‍ അവകാശമുണ്ടെന്നുമാണ് വിഎച്ച്പിയുടെ നിലപാട്.