india

ബലിയർപ്പിക്കാൻ മൃ​ഗങ്ങളെ കൊണ്ടുവന്നതിന് മദ്രസക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം; നിരവധി പേർക്ക് പരിക്ക്

By webdesk13

June 16, 2024

ബലിപെരുന്നാളിന് ബലിയര്‍പ്പിക്കാന്‍ മൃഗങ്ങളെ കൊണ്ടുവന്നതിന് തെലങ്കാനയില്‍ മദ്രസക്ക് നേരെ ആക്രമണം. മേദക് ജില്ലയിലെ മിന്‍ഹാജ് ഉല്‍ ഉലൂം മദ്രസക്ക് നേരെയായിരുന്നു ആക്രമണം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ബലിയര്‍പ്പിക്കാനായി കഴിഞ്ഞ ദിവസം മദ്രസ മാനേജ്‌മെന്റ് കന്നുകാലികളെ വാങ്ങിയിരുന്നു. ബലിമൃഗങ്ങളെ കൊണ്ടുവന്നതിന് പിന്നാലെ വലതുപക്ഷ സംഘടനകളുടെ പ്രാദേശിക പ്രവര്‍ത്തകര്‍ മദ്രസയിലേക്കെത്തുകയും ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു. ഉടനെ പൊലീസ് സ്ഥലത്തെത്തി ഇവരെ പിരിച്ചുവിട്ടു.

എന്നാല്‍ ഒരു മണിക്കൂറിന് ശേഷം സംഘം വീണ്ടും മദ്രസയിലെത്തി ആക്രമണം നടത്തുകയായിരുന്നു. സംഭവത്തില്‍ മദ്രസയിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണ്. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിക്ക് നേരെയും സംഘം ആക്രമണം നടത്തി. ഇതിന് പിന്നാലെയാണ് പൊലീസ് ആക്രമികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് വീശിയത്. സംഭവം ആസൂത്രിതമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.