പട്‌ന: വാലന്റൈൻ ദിനത്തിൽ പാട്നയിൽ കമിതാക്കളെ ഭീഷണിപ്പെടുത്തി ഹിന്ദുത്വ സംഘടനയായ ശിവ്ഭവാനി സേന പ്രവർത്തകർ. വാലന്റൈൻ ദിനം ഇന്ത്യൻ സംസ്‌കാരത്തിന് വിരുദ്ധമാണെന്ന് ആരോപിച്ച് പ്രവർത്തകർ ഹനുമാൻ ചാലിസ വിതരണം ചെയ്യുകയും പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയും ചെയ്തു.
ബുദ്ധ സ്മൃതി പാർക്കിന് പുറത്ത് ‘വാലന്റൈൻ ദിനം ഹൈ ഹൈ’ എന്ന മുദ്രാവാക്യങ്ങളുമായിട്ടായിരുന്നു പ്രതിഷേധം. കമിതാക്കൾക്കും വഴിയാത്രക്കാർക്കും ഹനുമാൻ ചാലിസ നൽകിയ പ്രവർത്തകർ, ഹൈന്ദവ മൂല്യങ്ങൾക്ക് നിരക്കാത്ത ആഘോഷങ്ങളിൽ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ടു. എവിടെയെങ്കിലും കമിതാക്കളെ കണ്ടാൽ കൈകാര്യം ചെയ്യുമെന്ന് നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ പ്രചാരണം നടന്നിരുന്നു.
‘നമ്മുടെ സംസ്‌കാരത്തിൽ വാലന്റൈൻ ദിനത്തെക്കുറിച്ച് പരാമർശമില്ല. യുവാക്കൾ തങ്ങളുടെ വേരുകൾ മറക്കാതിരിക്കാനാണ് ഞങ്ങൾ ഹനുമാൻ ചാലിസ വിതരണം ചെയ്യുന്നത്. ഫെബ്രുവരി 14 പ്രണയദിനമായല്ല, പുൽവാമ രക്തസാക്ഷികളെ സ്മരിക്കാനുള്ള ദിനമായാണ് കാണേണ്ടത്. പ്രണയം പവിത്രമാണ്, എന്നാൽ അശ്ലീലത അംഗീകരിക്കാനാവില്ല. രാമ-സീത പ്രണയത്തെ ഞങ്ങൾ എതിർക്കുന്നില്ല, എന്നാൽ റോമിയോ-ജൂലിയറ്റ് ശൈലിയിലുള്ള പ്രണയപ്രകടനങ്ങളെ ഞങ്ങൾ എതിർക്കും”- ഹിന്ദു ശിവ്ഭവാനി സേനയുടെ ദേശീയ അധ്യക്ഷൻ ലവ് കുമാർ സിങ് പറഞ്ഞു.