india

ക്ഷേത്ര മതിലില്‍ ‘ഐ ലവ് മുഹമ്മദ്’ എഴുതി കലാപത്തിന് ശ്രമിച്ച ഹിന്ദുത്വ ഭീകരര്‍ അറസ്റ്റില്‍

By webdesk14

October 31, 2025

ഉത്തർപ്രദേശിലെ അലിഗഢിൽ ഹിന്ദു ക്ഷേത്രങ്ങളുടെ ചുവരിൽ ‘ഐ ലവ് മുഹമ്മദ്’ എന്നെഴുതിയ ഹിന്ദുത്വ ഭീകരർ അറസ്റ്റിൽ. ജിഷാന്ത് സിങ്, ആകാശ് സരസ്വത്, ദിലീപ് ശർമ, അഭിഷേക് സരസ്വത് എന്നിവരാണ് അറസ്റ്റിലായത്. നഗരത്തിൽ വർഗീയ സംഘർഷം സൃഷ്ടിക്കാനായിരുന്നു ഇവരുടെ ശ്രമം. മറ്റൊരു സമുദായത്തിലെ അംഗങ്ങളെ മോശക്കാരായി ചിത്രീകരിക്കാനാണ് പ്രതികൾ ശ്രമിച്ചതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് നീരജ് കുമാർ ജദൗൻ പറഞ്ഞു.

പ്രതികളും മുസ്ലിം ബിസിനസുകാരുമായി ഭൂമി തർക്കമുണ്ടായിരുന്നു. ഇതിന്റെ പേരിൽ വർഗീയ സംഘർഷം സൃഷ്ടിക്കാനായിരുന്നു പ്രതികളുടെ ശ്രമം. സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.ക്ഷേത്രങ്ങളുടെ ചുവരിൽ ‘ഐ ലവ് മുഹമ്മദ്’ എഴുത്തുകൾ കണ്ടതിനെ തുടർന്ന് പ്രദേശത്ത് വലിയ സംഘർഷാവസ്ഥ രൂപപ്പെട്ടിരുന്നു.

കർണിസേന എന്ന ഹിന്ദുത്വ സംഘടനയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. അവരുടെ നിർദേശ പ്രകാരം മൗലവി മുസ്തഖീം, ഗുൽ മുഹമ്മദ്, സുലൈമാൻ, സോനു, അല്ലാബക്ഷ്, ഹസൻ, ഹമീദ്, യൂസുഫ് എന്നിവരെ നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സത്യം പുറത്തുവന്ന സാഹചര്യത്തിൽ പ്രതികളെ വിട്ടെന്നും അവർക്കെതിരായ കേസുകൾ പിൻവലിക്കുമെന്നും എസ്എസ്പി അറിയിച്ചു.