യുപിയിലെ അലിഗഢില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് നാല് മുസ്ലിം യുവാക്കള്‍ക്ക് നേരെ ഹിന്ദുത്വവാദികളുടെ ക്രൂര മര്‍ദനം. അര്‍ബാസ്, അഖീല്‍, കദീം, മുന്ന ഖാന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവര്‍ ചികിത്സയിലാണ്. അലിഗഢിലെ അല്‍ഹാദാദ്പൂര്‍ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. യുവാക്കള്‍ ഉപയോഗിച്ചിരുന്ന ട്രക്ക് അക്രമികള്‍ കത്തിച്ചു.
ട്രക്കിലുണ്ടായിരുന്ന മാംസത്തിന്റെ സാമ്പിള്‍ പരിശോധനക്ക് അയക്കുമെന്നും പരാതി ലഭിച്ചാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
”ബീഫ് കടത്തുന്നുവെന്ന് ആരോപിച്ച് ഏതാനും പേരെ ഗ്രാമീണര്‍ തടഞ്ഞുവെച്ചിരിക്കുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു. ഒരു കൂട്ടം ഗ്രാമീണര്‍ അവരെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. പൊലീസ് ഉടന്‍ സ്ഥലത്തെത്തി നാലുപേരെയും രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി, സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. പരാതി നല്‍കാന്‍ പ്രദേശവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. അതിന്റെ അടിസ്ഥാനത്തിലാണ് നിയമനടപടി സ്വീകരിക്കുക”-അലിഗഢ് റൂറല്‍ എസ്പി അമൃത് ജയിന്‍ പറഞ്ഞു.
അതേസമയം പ്രതികളായ ഹിന്ദുത്വ പ്രവര്‍ത്തകരെ പൊലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. വിഎച്ച്പി, ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത് എന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ആരോപിക്കുന്നത്. നാല് യുവാക്കളെ വടിയും കല്ലും ഇരുമ്പ് വടികളും മൂര്‍ച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
മര്‍ദനമേറ്റ യുവാക്കളില്‍ മൂന്നാളുകളുടെ പരിക്ക് അതീവ ഗുരുതരമാണ്. ”പരിക്കിനെക്കുറിച്ച് ഞാന്‍ വിശദീകരിക്കുന്നില്ല. നിങ്ങള്‍ വീഡിയോകള്‍ കാണുക. എന്റെ മകന്‍ ആശുപത്രിയില്‍ ജീവന് വേണ്ടി മേയ് 24ന് പൊരുതുകയാണ്”-അഖീലിന്റെ പിതാവ് സലീം ഖാന്‍ പറഞ്ഞു.
അലിഗഢിലെ അല്‍-അമ്മാര്‍ ഫ്രോസണ്‍ ഫുഡ്‌സ് മാംസ ഫാക്ടറിയില്‍ നിന്നും അത്രൗളിയിലേക്ക് പോത്തിറച്ചിയുമായി പിക്ക്-അപ്പ് ട്രക്കില്‍ നാലുപേരും മടങ്ങുകയായിരുന്നു. തുടര്‍ന്ന് സാധു ആശ്രമത്തില്‍ വെച്ച് വാഹനം ഒരു സംഘം തടഞ്ഞു. വഴിയില്‍ ബീഫ് കള്ളക്കടത്ത് നടക്കുന്നുണ്ടെന്ന് തങ്ങള്‍ക്ക് സൂചന ലഭിച്ചതായി ഹിന്ദുത്വ സംഘടനകള്‍ അവകാശപ്പെട്ടു. പരാതിയില്‍ വിഎച്ച്പി നേതാവ് രാജ്കുമാര്‍ ആര്യ, ബിജെപി നേതാവ് അര്‍ജുന്‍ സിങ് എന്നിവരുടെ പേരുകള്‍ സലീം ഖാന്‍ നല്‍കിയ പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്.
അക്രമിസംഘം വാഹനത്തിലുണ്ടായിരുന്ന നാലുപേരെയും വലിച്ചു പുറത്തേക്കിട്ടു. മാംസം വാങ്ങിയതിന്റെ ബില്‍ കീറിയെറിഞ്ഞു. വിട്ടയക്കണമെങ്കില്‍ വലിയ പണം നല്‍കാനായിരുന്നു അക്രമികള്‍ ആവശ്യപ്പെട്ടത്. അഖീലും അവന്റെ കസിനും പണം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ അവരുടെ വാഹനം തകര്‍ക്കുകയും മറിച്ചിട്ട് കത്തിക്കുകയും ചെയ്തു. അക്രമികള്‍ യുവാക്കളുടെ കയ്യിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും കവര്‍ന്നു. ഇറച്ചി റോഡിലേക്ക് വലിച്ചെറിഞ്ഞെന്നും സലീം പറഞ്ഞു. പൊലീസ് സ്ഥലത്തെത്തിയതിന് ശേഷവും മര്‍ദനം തുടര്‍ന്നതായാണ് ചില വീഡിയോകളില്‍ നിന്ന് വ്യക്തമാവുന്നത്.