kerala

‘നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യം’; എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി ആര്യാടന്‍ ഷൗക്കത്ത്

By Lubna Sherin K P

May 30, 2025

നിലമ്പൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് തിരുവനന്തപുരത്തെത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി പ്രവര്‍ത്തക സമിതിയംഗവുമായ എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി. വൈകീട്ട് അഞ്ചരമണിയോടെ എ.കെ. ആന്റണിയുടെ വഴുതയ്ക്കാട്ടെ വസതിയിലെത്തിയായിരുന്നു അനുഗ്രഹം വാങ്ങിയത്.

തന്റെ സഹപ്രവര്‍ത്തകനും വര്‍ഷങ്ങളോളം ആത്മാര്‍ത്ഥ സുഹൃത്തുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകന് ആദ്യം തന്നെ വിജയാശംസകള്‍ നേരുന്നുവെന്ന് പറഞ്ഞാണ് ആര്യാടന്‍ ഷൗക്കത്തിനെ ആന്റണി സ്വാഗതം ചെയ്തത്. അതേസമയം പിതൃതുല്യനും രാഷ്ട്രീയ ഗുരുനാഥനുമായ ആന്റണി സാറിന്റെ അനുഗ്രഹം തനിക്ക് തെരഞ്ഞെടുപ്പില്‍ ഏറെ ഗുണം ചെയ്യുമെന്ന് ആര്യാടന്‍ ഷൗക്കത്തും പറഞ്ഞു.

നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് എ.കെ ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇനിയൊരു പിണറായി സര്‍ക്കാര്‍ ഭരണത്തില്‍ എത്തില്ലെന്നും എ.കെ ആന്റണി പറഞ്ഞു. ഒമ്പതുവര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ ഭരണത്തെ ജനങ്ങള്‍ വെറുത്തു പോയെന്നും തുടര്‍ ഭരണം ഉണ്ടായിക്കൂടാ എന്ന് ആഗ്രഹിക്കുന്ന കേരളം യുഡിഎഫിന് വോട്ട് ചെയ്യുമെന്നും എ.കെ ആന്റണി പറഞ്ഞു.

നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യമെന്നും ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കി.