kerala

സംസ്ഥാനത്ത് കൗമാരക്കാരില്‍ എച്ച്‌ഐവി ഉയരുന്നു

By webdesk17

November 29, 2025

പാലക്കാട്: സംസ്ഥാനത്ത് എച്ച്‌ഐവി ബാധിതരില്‍ കൗമാരക്കാരുടെ എണ്ണം വര്‍ഷേന ഉയരുന്നുവെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 15 മുതല്‍ 24 വയസ്സ് വരെയുള്ള പ്രായവിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ വര്‍ധന രേഖപ്പെടുത്തിയത്. 2022 മുതല്‍ 2024 വരെയുള്ള കണക്ക് പരിശോധിക്കുമ്പോള്‍, യഥാക്രമം 9 ശതമാനം, 12 ശതമാനം, 14.2 ശതമാനം എന്ന നിരക്കിലാണ് യുവാക്കളില്‍ എച്ച്‌ഐവി ബാധ വര്‍ധിച്ചിരിക്കുന്നത്.

ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവ് മാത്രം എടുത്താലും, അണുബാധ നിരക്ക് 15.4 ശതമാനമായിട്ടുണ്ട്. കൗമാരക്കാരുടെയും യുവാക്കളുടെയും ഇടയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പദ്ധതികള്‍ തയ്യാറാക്കുകയാണ്. അതേസമയം, ഗര്‍ഭിണികളിലെ എച്ച്‌ഐവി ബാധയില്‍ ചെറിയ തോതില്‍ കുറവ് രേഖപ്പെടുത്തി. 2017ല്‍ 26 ശതമാനമായിരുന്ന നിരക്ക് കഴിഞ്ഞ വര്‍ഷം 16 ശതമാനമായി കുറഞ്ഞു. മൂന്ന് വര്‍ഷത്തെ കണക്ക് പരിശോധിക്കുമ്പോള്‍, സംസ്ഥാനത്തെ എച്ച്‌ഐവി അണുബാധയുടെ പ്രധാന കാരണം ഒന്നിലധികം പങ്കാളികളുമായി സുരക്ഷിതമല്ലാത്ത ലൈംഗികബന്ധമാണ് 62.6 ശതമാനം. സ്വവര്‍ഗരതി 24.6 ശതമാനം, മയക്കുമരുന്ന് സൂചി ഉപയോഗം 8.1 ശതമാനം, ഗര്‍ഭിണിയില്‍ നിന്ന് ശിശുവിലേക്കുള്ള കൈമാറ്റം 0.9 ശതമാനം എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.