india

അവധിക്കാല വിമാനടിക്കറ്റ് നിരക്ക്: പ്രവാസികളോടുള്ള നിലപാടില്‍ മാറ്റമില്ലാതെ എയര്‍ലൈനുകള്‍

By webdesk13

February 02, 2023

റസാഖ് ഒരുമനയൂര്‍

അബുദാബി: ഗള്‍ഫ് നാടുകളിലെ അവധിക്കാലത്ത് എയര്‍ലൈനുകള്‍ ഈടാക്കുന്ന അമിതനിരക്കില്‍ ഇക്കുറിയും മാറ്റമില്ല. ആറുമാസത്തോളം ഇനിയും ബാക്കിയുണ്ടെങ്കിലും ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് വിവിധ എയര്‍ലൈനുകളുടെ വെബ്‌സൈറ്റുകളിലുള്ളത്. സാധാരണ നിരക്കിനേക്കാള്‍ നാലിരട്ടിവരെയാണ് നിരക്ക് കാണിക്കുന്നത്.

അമിതനിരക്കിനെതിരെ കഴിഞ്ഞ നാലുപതിറ്റാണ്ടിലേറെയായി ശക്തമായ പ്രതിഷേധങ്ങളുണ്ടെങ്കിലും പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന ഇടപെടലുകള്‍ ഇതുവരെ ഉണ്ടായിട്ടില്ല. എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് വരുന്നതോടെ അവധിക്കാലത്തെ ചൂഷണത്തിന് അറുതി വരുമെന്ന് കരുതിയിരുന്നുവെങ്കിലും പഴയരീതി തന്നെ തുടരുന്ന അവസ്ഥയാണുണ്ടായത്.

ആറുമാസം മുമ്പ് ടിക്കറ്റെടുത്താല്‍ നിരക്ക കുറഞ്ഞുകിട്ടുമെന്ന് കരുതി കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധിപേര്‍ വെബ്‌സൈറ്റുകളില്‍ നിരക്ക് നോക്കിയിരിക്കുകയാണ്. എന്നാല്‍ വിവിധ എയര്‍ലൈനുകളുടെ ടിക്കറ്റ് നിരക്ക് നിലവില്‍ നാല്‍പ്പതിനായിരവും അമ്പതിനായിരവുമൊക്കെയാണ്.

ജൂണ്‍ അവസാനം മുതല്‍ ജൂലൈ പകുതിവരെയാണ് സ്‌കൂള്‍ അവധിക്കാലം ചെലവഴിക്കാന്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ നാട്ടിലേക്ക് യാത്ര തിരിക്കുന്നത്. ഈ സമയത്താണ് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന നിരക്കുമായി എയര്‍ലൈനുകള്‍ പ്രവാസികളെ ചൂഷണം ചെയ്യുന്നത്. നാലംഗ കുടുംബം നാട്ടില്‍ പോയിവരുന്നതിന് രണ്ടുലക്ഷത്തിലധികം രൂപ വേണമെന്നതാണ് മുന്‍കാലങ്ങളില്‍ പലരുടെയും അനുഭവം.

സാധാരണക്കാരും ചെറിയ വേതനത്തിന് തൊഴിലെടുക്കുന്നവര്‍ക്കും മാസങ്ങള്‍ക്കുമുമ്പ് ടിക്കറ്റ് എടുക്കാന്‍ സാമ്പത്തിക ഭദ്രതയില്ല എന്നതാണ് നേര്. എങ്കിലും നിരക്ക് കുറവില്‍ കിട്ടുകയാണെങ്കില്‍ കടം വാങ്ങിയെങ്കിലും ടിക്കറ്റെടുക്കാമെന്നാണ് പലരും കരുതുന്നത്. പക്ഷെ നിരക്ക് തീരെ കുറയുന്നില്ലെന്നത് ഇത്തരക്കാരെ പ്രയാസത്തിലാക്കുന്നു.

വിദേശ എയര്‍ലൈകള്‍ ഉള്‍പ്പെടെ നിരവധി വിമാനങ്ങള്‍ കേരളത്തിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ എയര്‍ലൈനുകള്‍ തമ്മില്‍ കടുത്ത മത്സരം നടക്കുന്നുണ്ട്. എന്നാല്‍ അതുകൊണ്ടൊന്നും അവധിക്കാലത്ത് കാര്യമായ പ്രയോജനം സാധാരണക്കാര്‍ക്ക് ലഭിക്കുന്നില്ല.