kerala

സംസ്ഥാനത്ത് നാല് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

By webdesk18

October 22, 2025

തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിലാണ് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. നാല് ജില്ലകളിലുമുള്ള പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.

ഇടുക്കി ജില്ലയില്‍ റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. മലപ്പുറത്ത് അങ്കണവാടികള്‍, മദ്റസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. പാലക്കാട് ജില്ലയില്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, കോളജുകള്‍, നവോദയ വിദ്യാലയങ്ങള്‍ എന്നിവയ്ക്കും അവധി ബാധകമല്ലെന്ന് കലക്ടര്‍ അറിയിച്ചു.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ 204.4 മില്ലീമീറ്ററിലധികം മഴ ലഭിക്കാമെന്നതാണ് മുന്നറിയിപ്പ്.