kerala

അവധിക്കാല തിരക്ക്; താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

By webdesk18

January 03, 2026

കോഴിക്കോട്: ക്രിസ്മസ്, പുതുവര്‍ഷ അവധിക്കാലം അവസാനിക്കാനായതോടെ താമരശ്ശേരി ചുരത്തില്‍ ഗതാഗത കുരുക്ക് രൂക്ഷം. വെള്ളി, ശനി ദിവസങ്ങളില്‍ ചുരത്തിലെ റോഡുകളില്‍ ഇരു വശങ്ങളിലുമായി വാഹനങ്ങള്‍ കുടുങ്ങികിടക്കുന്ന സ്ഥിതിയാണ്.

സാധാരണ 30 മിനിറ്റുകൊണ്ട് ഓടിയെത്താവുന്ന ചുരം റോഡ് കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് മണിക്കൂര്‍ വരെ എടുക്കുന്നതായി യാത്രക്കാര്‍ പരാതിപ്പെട്ടു. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആശുപത്രി, വിമാനത്താവളം ഉള്‍പ്പെ അടിയന്തര ആവശ്യക്കാരായ യാത്രക്കാര്‍ക്കാണ് ചുരത്തിലെ ഗതാഗത പ്രശ്‌നം ഏറെ ദുരിതമായി മാറുന്നത്. ഏഴാം വളവില്‍ കഴിഞ്ഞ ദിവസം രണ്ടു വാഹനങ്ങള്‍ ബ്രേക്ക് ഡൗണ്‍ ആയി കുടുങ്ങിയതും ഗതാഗത കുരുക്ക് രൂക്ഷമാകാന്‍ കാരണമായി. ഭാരവാഹനങ്ങള്‍ ബ്രേക്ക് ഡൗണ്‍ ആവുന്നതും നിത്യകാഴ്ചയാണ്.

അതേസമയം, അവധിക്കാലം തിങ്കളാഴ്ച അവസാനിക്കാനിരിക്കെ, വെള്ളി, ശനി ദിവസങ്ങളില്‍ വയനാട്ടിലേക്കുള്ള ടൂറിസ്റ്റുകളുടെ പ്രവാഹവും തുടരുകയാണ്. വയനാടിന്റെ ഉത്സവമായ രാജ്യാന്തര പുഷ്പമേള (പൂപ്പൊലി) അമ്പലവയലില്‍ ആരംഭിച്ചതും സന്ദര്‍ശക പ്രവാഹം പതിന്‍മടങ്ങ് വര്‍ധിക്കാന്‍ കാരണമായി. പുഷ്പമേള 15 വരെ നീണ്ട് നില്‍ക്കും. വലിയ ചരക്ക് ലോറികളും മറ്റും സമയക്രമം പാലിക്കാതെ എത്തുന്നതും, വാഹനങ്ങള്‍ ലൈന്‍ മറികടന്ന് കയറിപോവുന്നതും കുരുക്ക് സങ്കീര്‍ണമാക്കുന്നു.