kerala

മലപ്പുറത്തെ വീട്ടുപ്രസവം; പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ കസ്റ്റഡിയില്‍

By webdesk17

April 10, 2025

മലപ്പുറം ചട്ടിപ്പറമ്പിലെ വീട്ടുപ്രസവത്തില്‍ മരിച്ച യുവതിയുടെ പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ പൊലീസ് കസ്റ്റഡിയില്‍. ഒതുക്കുങ്ങല്‍ സ്വദേശി ഫാത്തിമയെയാണ് മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസം ഭര്‍ത്താവ് സിറാജുദ്ദീനെതിരെ നരഹത്യ, തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങള്‍ ചുമത്തിയിരുന്നു. മരിച്ച അസ്മയുടെ ആദ്യ രണ്ട് പ്രസവം ആശുപത്രിയിലും ബാക്കി മൂന്ന് പ്രസവങ്ങള്‍ വീട്ടിലുമാണ് നടന്നത്.

അതേസമയം കുടുംബം വളാഞ്ചേരിയിലും കുറച്ച് കാലം താമസിച്ചിരുന്നെന്നും ഇവിടെ വെച്ചും പ്രസവം നടന്നിരുന്നെന്നും എസ്പി പറയുന്നു.

പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് മലപ്പുറം പൊലീസ് സിറാജുദ്ദീനെ കസ്റ്റഡിയിലെടുത്തത്.

മലപ്പുറം ഈസ്റ്റ് കോഡൂരിലെ വാടകവീട്ടില്‍വെച്ചാണ് അസ്മ മരിച്ചത്. അമിത രക്തസ്രാവമാണ് യുവതിയുടെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസ് പെരുമ്പാവൂര്‍ പൊലീസ് മലപ്പുറം പൊലീസിന് കൈമാറിയിരുന്നു.

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ വെച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടന്നത്. പ്രസവത്തിന് പിന്നാലെ ശ്വാസതടസം അനുഭവപ്പെട്ടാണ് അസ്മ മരിച്ചതെന്നായിരുന്നു ഭര്‍ത്താവ് സിറാജുദ്ദീന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ശനിയാഴ്ച വൈകീട്ട് ആറ് മണിക്ക് പ്രസവം നടന്ന് രാത്രി ഒമ്പതിനാണ് അസ്മ മരിക്കുന്നത്. അതുവരെ ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്നും രക്തസ്രാവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതി മൂന്ന് മണിക്കൂറോളം വീട്ടില്‍ കിടന്നിട്ടും ആശുപത്രിയില്‍ കൊണ്ടുപോവാന്‍ ഇയാള്‍ തയാറായിരുന്നില്ലെന്നും പൊലീസ് പറയുന്നു.

യുവതി മരിച്ചതിനു പിന്നാലെ മൃതദേഹം ആരും അറിയാതെ ഇയാള്‍ പെരുമ്പാവൂരിലേക്ക് കൊണ്ടുപോവുകയും ഭാര്യക്ക് ശ്വാസംമുട്ടലാണെന്ന് ആംബുലന്‍സ് ഡ്രൈവറെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. എന്നാല്‍ അസ്മയുടെ ബന്ധുക്കളാണ് പൊലീസില്‍ വിവരം അറിയിച്ചത്.