ഹോങ്കോങ്: തായ്‌പോ ജില്ലയിലെ വാങ് ഫുക്ക് കോടതി സമുച്ചയത്തില്‍ ഉണ്ടായ ഭീകര തീപിടിത്തത്തില്‍ മരണസംഖ്യ 128 ആയി ഉയര്‍ന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഒരുകെട്ടിടത്തില്‍ ആരംഭിച്ച തീ പിന്നീട് ഏഴോളം ബഹുനില കെട്ടിടങ്ങളിലേക്കും പടര്‍ന്നു. 1000ത്തിലധികം അഗ്‌നിശമന സേനാംഗങ്ങള്‍ 24 മണിക്കൂറോളം നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് തീ നിയന്ത്രണവിധേയമായത്.
ഒരു വര്‍ഷത്തിലേറെയായി സമുച്ചയത്തില്‍ നടന്നു വരുന്ന നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ച മുളകള്‍ കൊണ്ട് നിര്‍മ്മിച്ച സ്‌കാഫോള്‍ഡിങും സമീപത്ത് കെട്ടിയ നിര്‍മാണ വസ്തുക്കളും തീ അതിവേഗം പടരാന്‍ കാരണമായതാകാമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഏഷ്യയിലെ പല ഭാഗങ്ങളിലും ബഹുനില കെട്ടിടങ്ങള്‍ അടക്കമുള്ള നിര്‍മാണങ്ങളില്‍ ഇത്തരത്തിലുള്ള പരമ്പരാഗത വസ്തുക്കള്‍ വ്യാപകമാണെന്നും ഇത് സുരക്ഷാ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുവെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
തീപിടിത്തത്തില്‍ 11 അഗ്‌നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ 70ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. 900ലധികം ആളുകള്‍ താല്‍ക്കാലികാശ്രയ കേന്ദ്രങ്ങളിലേക്ക് മാറ്റി. എട്ട് കെട്ടിടങ്ങളിലായി 2000ത്തോളം ഫ്‌ലാറ്റുകളും 4800ത്തിലധികം താമസക്കാരുമുള്ള സമുച്ചയത്തിന്റെ തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. കാണാതായവരുടെ കണക്കുകള്‍ വ്യക്തമാകാത്തതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് സുരക്ഷാ സെക്രട്ടറി ക്രിസ് ടാങ് അറിയിച്ചു.
1980കളില്‍ നിര്‍മ്മിച്ച ഈ കെട്ടിട സമുച്ചയം കഴിഞ്ഞ ഏതാനും മാസങ്ങളായി നവീകരണ പ്രവൃത്തികളിലായിരുന്നു. തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെങ്കിലും സ്‌കാഫോള്‍ഡിങ് ഉപയോഗിച്ച മുളക്കമ്പുകളുടെ സാന്നിധ്യമാണ് ദുരന്തം രൂക്ഷമാക്കിയതെന്ന നിഗമനം ശക്തമാകുന്നു.