പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില നാല് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഹോര്‍മൂസ് കടലിടുക്ക് വഴി എണ്ണ വിതരണം താറുമാറായതിനെ തുടര്‍ന്ന് ബാരലിന് 100 ഡോളര്‍ കടന്നാണ് വില കുതിച്ചത്.
കുവൈത്ത്, ഇറാഖ്, യുഎഇ തുടങ്ങിയ പ്രധാന എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ ഉല്‍പാദനം കുറച്ചതും യു.എസ്, ഇസ്രയേല്‍, ഇറാന്‍ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള ആക്രമണങ്ങള്‍ റിഫൈനറികളെ ലക്ഷ്യമിട്ടതുമാണ് വില ഉയരാന്‍ പ്രധാന കാരണം. ബന്‍ഡ് ക്രൂഡ് ബാരലിന് ഏകദേശം 110 ഡോളറിലെത്തി. വെള്ളിയാഴ്ച 92 ഡോളറിലായിരുന്നു വ്യാപാരം അവസാനിച്ചത്. ഇതോടെ ബന്‍ഡ് ക്രൂഡ് വിലയില്‍ ഏകദേശം 18 ശതമാനം വര്‍ധനവാണ് ഉണ്ടായത്.
അമേരിക്കന്‍ എണ്ണയായ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡും കുത്തനെ ഉയര്‍ന്നു. ബാരലിന് 20 ശതമാനത്തിലധികം വര്‍ധിച്ച് 110 ഡോളറിനടുത്താണ് വില. 2022-ല്‍ റഷ്യ യുക്രൈനെ അധിനിവേശം നടത്തിയതിന് ശേഷം ആദ്യമായാണ് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീണ്ടും 100 ഡോളര്‍ കടക്കുന്നത്.
ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനവും ഹോര്‍മൂസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. ദിവസേന ഏകദേശം 15 മില്യണ്‍ ബാരല്‍ എണ്ണയാണ് ഈ വഴി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കയറ്റുമതി ചെയ്യുന്നത്. ഇറാന്റെ ഭീഷണിയോടെ ഈ കടലിടുക്ക് വഴി നടക്കുന്ന വിതരണം ഏറെക്കുറെ നിലച്ചിരിക്കുകയാണ്.
വിതരണ തടസ്സവും സംഭരണ ശേഷിയിലെ കുറവും കാരണം ഇറാഖ്, കുവൈത്ത്, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ഉല്‍പാദനം കുറച്ചതും വില വര്‍ധനവിന് കാരണമായി. പ്രധാന വിതരണക്കാരായ സൗദി അറേബ്യ ചെങ്കടല്‍ വഴി വിതരണം വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും ഹോര്‍മൂസ് വഴി ഉണ്ടാകുന്ന കുറവ് പരിഹരിക്കാന്‍ ഇതോടെ കഴിയുന്നില്ല.
ഇതിനിടെ ഇറാനിലും ഇസ്രയേലിലും റിഫൈനറികളെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ ശക്തമായിട്ടുണ്ട്. ഇറാനിലെ എണ്ണ ശുദ്ധീകരണശാലകള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം നടത്തിയതിന് പിന്നാലെ, ഇസ്രയേലിലെ ഹൈഫ ബേയിലെ ബസാന്‍ ഗ്രൂപ്പിന്റെ റിഫൈനറിയില്‍ ഇറാന്റെ ഐആര്‍ജിസി തിരിച്ചടി നടത്തി. ഗള്‍ഫ് മേഖലയിലെ റിഫൈനറികള്‍ക്ക് നേരെയും ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുകയാണ്.
എണ്ണവില കുതിച്ചുയര്‍ന്നതോടെ ഏഷ്യന്‍ ഓഹരി വിപണികളിലും വലിയ ഇടിവുണ്ടായി. ജപ്പാനിലെ നിക്കി സൂചിക 6.22 ശതമാനം ഇടിഞ്ഞപ്പോള്‍ ദക്ഷിണകൊറിയയിലെ കോസ്പി സൂചിക 6.68 ശതമാനം താഴ്ന്നു. അതേസമയം, എണ്ണവില വര്‍ധനവിനെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തള്ളിക്കളഞ്ഞു. ഇറാന്റെ ആണവഭീഷണി തടയാന്‍ നല്‍കേണ്ട ചെറിയ വില മാത്രമാണിതെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.