kerala

ചെര്‍പ്പുളശ്ശേരിയില്‍ ആശുപത്രി മാലിന്യം തള്ളിയ സംഭവം; നാട്ടുകാര്‍ ഇടപ്പെട്ട് നീക്കം ചെയ്തു

By webdesk17

October 31, 2025

ചെര്‍പ്പുളശ്ശേരി: നെല്ലായ പട്ടിശ്ശേരി ചെരലില്‍ രണ്ട് ഭാഗങ്ങളിലായി തള്ളിയ നിലയില്‍ കണ്ടെത്തിയ ബയോമെഡിക്കല്‍ ആശുപത്രി മാലിന്യം നാട്ടുകാരുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് തിരിച്ചെടുത്തു. സ്വകാര്യ ഉടമസ്ഥതയിലുള്ള പറമ്പിലും ബസ് റൂട്ടിനോട് ചേര്‍ന്ന പ്രധാന പാതയിലും മാലിന്യം തള്ളിയ നിലയിലാണ് കണ്ടെത്തിയത്. പരിശോധനയില്‍, പെരിന്തല്‍മണ്ണയില്‍ കഴിഞ്ഞദിവസം അഗ്നിബാധയുണ്ടായ മെഡിക്കല്‍ സ്ഥാപനത്തിന്റെതാണെന്ന് വ്യക്തമായി. വിവരം ലഭിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ അവരുമായി ബന്ധപ്പെട്ടു. മാലിന്യം തങ്ങളുടേതാണെന്നും അത് നീക്കം ചെയ്യാനുള്ള ഉത്തരവാദിത്വം ഒരു വ്യക്തിക്ക് 25,000 രൂപയ്ക്ക് കരാര്‍ നല്‍കിയതാണെന്നും സ്ഥാപന അധികൃതര്‍ അറിയിച്ചു. എന്നാല്‍, കരാര്‍ ഏറ്റെടുത്ത ആള്‍ ഇത് 10,000 രൂപയ്ക്ക് മറ്റൊരാള്‍ക്ക് മറിച്ച് നല്‍കി. അതിനുശേഷമാണ് ആ വ്യക്തി മാലിന്യം ചെര്‍പ്പുളശ്ശേരിയില്‍ തള്ളിയത്. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് പൊലീസും ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് ഉടമകളെ വിളിച്ചുവരുത്തി, മുഴുവന്‍ മാലിന്യവും സ്ഥലത്തുനിന്ന് നീക്കം ചെയ്യാന്‍ നിര്‍ബന്ധിച്ചു. ചെര്‍പ്പുളശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. മാലിന്യം തള്ളിയ ആശുപത്രി ഉടമകള്‍ക്ക് 25,000 രൂപ പിഴ ചുമത്തി നോട്ടീസ് നല്‍കിയെന്ന് നെല്ലായ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.