kerala

ദുരൂഹ സാഹചര്യത്തില്‍ വീട്ടമ്മ മരിച്ച സംഭവം; ഒരുമിച്ച് ജീവനൊടുക്കാമെന്ന് വിശ്വസിപ്പിച്ച് കൃത്യം നടത്തിയ ഭര്‍ത്താവ് അറസ്റ്റില്‍

By webdesk17

February 21, 2025

കായംകുളം: വാടക വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ വീട്ടമ്മ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കൃഷ്ണപുരം കാപ്പില്‍ മേക്ക് ശ്രീനിലയത്തില്‍ രാജേശ്വരിയമ്മയെ (48) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതോടെയാണ് ഭര്‍ത്താവ് ശ്രീവത്സന്‍ പിള്ളയെ (58) കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. വാടകക്ക് താമസിച്ചിരുന്ന പുള്ളിക്കണക്കിലെ വീട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

സാമ്പത്തിക ബാധ്യതകളെ തുടര്‍ന്ന് ഇരുവരും ഒരുമിച്ച് മരിക്കാനാണ് തീരുമാനിച്ചിരുന്നത്. രാജേശ്വരി മരിച്ചതിന് പിന്നാലെ താന്‍ മരിക്കുമെന്ന് വിശ്വസിപ്പിച്ചാണ് ശ്രീവത്സന്‍ പിള്ള കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

അടുക്കളയുടെ മേല്‍ക്കൂരയില്‍ ഏണിവെച്ച് കയറി ശ്രീവല്‍സന്‍ പിള്ള സാരി കെട്ടി. തുടര്‍ന്ന് കസേരയിട്ട് ഭാര്യയെ കയറ്റി നിര്‍ത്തി കഴുത്തില്‍ കുരുക്ക് മുറുക്കി കെട്ടിയ ശേഷം കസേര മാറ്റുകയായിരുന്നു. പിന്നാലെ സ്‌കൂട്ടറില്‍ രക്ഷപ്പെട്ട പ്രതിയെ കറ്റാനം വെട്ടിക്കോട് ഭാഗത്തെ കള്ളുഷാപ്പില്‍ നിന്നാണ് പിടികൂടിയത്.

ശാസ്ത്രീയ പരിശോധനകളിലൂടെയാണ് തെളിവുകള്‍ കണ്ടെത്തിയത്. സി.ഐ അരുണ്‍ ഷായുടെ നേതൃത്വത്തില്‍ എസ്.ഐമാരായ സുരേഷ്, വിനോദ്, എ.എസ്.ഐ ജയലക്ഷ്മി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.