അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : സഊദിയിലെ അബഹ വിമാനത്താവളത്തിലേക്ക് ഹൂതികളുടെ ഡ്രോൺ ആക്രമണത്തിൽ വിമാനത്താവളത്തിലുണ്ടായിരുന്ന യാത്ര വിമാനത്തിന് ചെറിയ രീതിയിൽ തീ പിടിച്ചു. ഇന്ന് ഉച്ചക്കാണ് യമനിൽ നിന്ന് ഹൂതികൾ തൊടുത്തുവിട്ട മിസൈൽ എയർപോർട്ടിന്റെ റൺവേയിൽ പതിച്ചതായാണ് വിവരം. ഇവിടെയുണ്ടായിരുന്ന വിമാനത്തിനാണ് നേരിയ രീതിയിൽ തീപിടിച്ചത്. ഭീരുത്വം നിറഞ്ഞ ആക്രമണത്തിൽ വിമാനത്തിന് തീപിടിച്ചതായും സ്ഥിതി നിയന്ത്രണവിധേയമാണെന്നും സഖ്യസേന അറിയിച്ചു. ഈ സമയം തീപിടിച്ച വിമാനത്തിൽ യാത്രക്കാരുണ്ടായിരുന്നില്ല എന്നാണു പ്രാഥമിക വിവരം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. പൗരന്മാരെയും യാത്രക്കാരെയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായും യാത്രക്കാരുടെ നേരെയുള്ള അക്രമങ്ങൾ അന്താരാഷ്ട്ര യുദ്ധ നിയമങ്ങളുടെ ലംഘനമാണെന്നും സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു . നേരത്തെ സഊദി ലക്ഷ്യമാക്കി വന്ന ഹൂതികളുടെ രണ്ട് ഡ്രോണുകൾ സഖ്യ സേന തകർത്തിരുന്നു .

അബഹ എയർ പോർട്ടിനെയും യാത്രക്കാരെയും ലക്‌ഷ്യം വെച്ചാണ് ഹൂതികളുടെ ഹീനമായ ആക്രമണം. യമൻ അതിർത്തിയിൽ നിന്ന് 120 കിലോമീറ്റർ അകലെയാണ് അബഹ വിമാനത്താവളം നിലകൊള്ളുന്നത്. നേരത്തെയും പലതവണ ഹൂതികൾ വിമാനത്താലവളം ലക്ഷ്യം വെച്ച് മിസൈൽ ആക്രമണം നടത്തിയിരുന്നു. 2019 ജൂണിൽ ഹൂതികളുടെ മിസൈൽ എയർ പോർട്ടിന്റെ ടെര്മിനലിനടുത്ത് പതിച്ചിരുന്നു. അന്ന് ഒരാൾ മരണപ്പെടുകയും 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇറാന്റെ സഹായത്തോടെ സഊദിയിലെ നഗരങ്ങൾക്ക് നേരെ നിരവധി തവണ ആക്രമണ ശ്രമങ്ങൾ ഉണ്ടായിരുന്നു . ഇത്തരം ശ്രമങ്ങളെല്ലാം സഖ്യ സേന നേരിട്ട് തകർത്തിരുന്നു.

അബഹ എയർപോർട്ട് ലക്ഷ്യമാക്കിയുള്ള ഹൂതികളുടെ ആക്രമണത്തെ അമേരിക്ക , ഫ്രാൻസ് , ജിസിസി, അറബ് രാജ്യങ്ങൾ എന്നിവർ ശക്തമായി അപലപിച്ചു . ജനങ്ങൾക്ക് നേരെയും യാത്രക്കാർക്ക് നേരെയുമുള്ള ആക്രമണങ്ങളെ നോക്കി നിൽക്കില്ലെന്ന് വ്യക്തമാക്കിയ യു എസ് സ്റ്റേറ്റ് ഡിപ്പാർട്ടമെന്റ് ശക്തമായ സൈനിക നടപടി യമനിലെ നിരപരാധികളായ ജനങ്ങളെ ബാധിക്കുമെന്ന് അറിയിച്ചു . സ്വയം പ്രതിരോധത്തിന് സഊദിക്ക് പിന്തുണ നൽകുമെന്ന് കഴിഞ്ഞ ദിവസം യു എസ വിദേശ മന്ത്രി ആന്റണി ബ്ലിങ്കൻ മുന്നറിയിപ്പ് നൽകിയിരുന്നു. സഊദിയുടെ സുരക്ഷക്ക് വേണ്ടി പ്രതിരോധം തീർക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.