കേരളത്തിന്റെ കിഴക്കേഅറ്റത്തെ വലിയൊരു ഭൂപ്രദേശം മലനിരകളാലും വൃക്ഷലതാദികളാലും നിബിഢമാണ്. ലക്ഷക്കണക്കിന് വന്യജീവികളുടെയും പക്ഷി വര്‍ഗങ്ങളുടെയും ഇഴജന്തുക്കളുടെയും ശലഭങ്ങളുടെയും വൈവിധ്യത്താല്‍ സമ്പന്നമാണിവിടം. പശ്ചിമഘട്ട മലനിരകളെന്നുപേരുള്ള ഈ പര്‍വതനിരകളിലെ ആവാസ വ്യവസ്ഥ പാരിസ്ഥിതിക കാരണങ്ങളാല്‍ ഭൂമിക്ക് പ്രഥമഗണനീയവും. ഇതുകാരണമാണ് കേരളത്തിന്റെ കാലാവസ്ഥയിലും ഭൗമാന്തരീക്ഷത്തിലും കാര്യമായ ഭീഷണികള്‍ നമുക്കില്ലാതെപോകുന്നത്. എന്നാല്‍ ഇവിടുത്തെ വന്യജീവികളില്‍നിന്ന് മലയോര ജനത അനുഭവിച്ചുവരുന്ന വെല്ലുവിളി ജീവിതംപോയിട്ട് ജീവനുകള്‍ക്കുതന്നെ നിലനിന്നുപോകുമോ എന്നുള്ള സംശയമുയര്‍ത്തിയിട്ട് ഏറെനാളായി. പന്നികളും ആനകളും കുരങ്ങന്മാരുമായിരുന്നു കുറെക്കാലം മുമ്പുവരെ ജനജീവിതത്തിന് വെല്ലുവിളിയായതെങ്കില്‍, അടുത്തകാലത്തായി മാംസഭോജികളായ ക്രൗര്യരായ വന്യമൃഗങ്ങള്‍കൂടി ജനങ്ങളുടെ വാസഇടങ്ങളിലേക്ക് ഇര തേടിയെത്തുകയും ഏതാനും ജീവനുകള്‍ ഇതിനകം കവരുകയും ചെയ്തുകഴിഞ്ഞു. ഇതിനെതിരെ ഭരണകൂടമോ അതുമായി ബന്ധപ്പെട്ടവരോ ക്രിയാത്മകവും പ്രായോഗികവുമായി ഇടപെടുന്നില്ല എന്നത് നമ്മെയാകെ ഇരുത്തിച്ചിന്തിപ്പിക്കുകയാണ്. ജീവനും കൈയില്‍പിടിച്ച് വന്യജീവികളോടൊത്ത് എത്രകാലമാണ് മനുഷ്യര്‍ക്ക് ഇനിയും ഉണ്ണാതെയും ഉറങ്ങതെയും കഴിയാനാകുക?

പുതുവര്‍ഷമാദ്യം പാലക്കാട് കാണപ്പെട്ട പുലിയെയും അതിന്റെ കുഞ്ഞുങ്ങളെയും വനംവകുപ്പുകാര്‍ പിടികൂടാന്‍ശ്രമിച്ചെങ്കിലും അത് ഇനിയും വിജയിച്ചിട്ടില്ല. അകത്തേത്തറ ഉമ്മിനിയില്‍ ജനവാസ മേഖലയില്‍ കണ്ട പുലിയെ നാട്ടുകാരിലൊരാള്‍ വിവരമറിയിച്ചതനുസരിച്ചാണ് വനംവകുപ്പുദ്യോഗസ്ഥരെത്തി കൂട് സ്ഥാപിച്ച് പിടികൂടാന്‍ ശ്രമിച്ചത്. ആളൊഴിഞ്ഞ വീട്ടിനകത്ത് രണ്ട് കുഞ്ഞുങ്ങളെ കൂടി കണ്ടതോടെ സമീപവാസികള്‍ക്ക് ഭയം ഇരട്ടിച്ചു. വനംവകുപ്പ് വെച്ച കൂട്ടില്‍നിന്ന് പുലി ഒരു കുഞ്ഞിനെ കൊണ്ടുപോയതില്‍ അന്തം വിട്ടിരിക്കുകയാണ് വനംവകുപ്പുകാര്‍. സി.സി.ടി.വി ദൃശ്യങ്ങളുണ്ടായിട്ടുപോലും എങ്ങനെയാണ് ഒരുകുഞ്ഞുമായി പുലി രക്ഷപ്പെട്ടതെന്നുപോലും വ്യക്തമാക്കാന്‍ വകുപ്പിന് കഴിയുന്നില്ല. കഴിഞ്ഞദിവസം വളര്‍ത്തുനായയെ ചോരവാര്‍ന്ന നിലയില്‍ കണ്ടത് മനുഷ്യരെയും ഏതുനിമിഷവും പുലി ആക്രമിച്ചേക്കുമെന്നതിന്റെ സൂചനയാണ്. എന്തുവന്നാലും പുലി പരിസരത്തുതന്നെ ഉണ്ടാകാമെന്ന ഭയമാണ് ജനങ്ങളിലുള്ളത്. ദിവസങ്ങളായിട്ടും തള്ളപ്പുലി വരാത്തത് വനംവകുപ്പ് എത്ര അശാസ്ത്രീയമായാണ് പ്രവര്‍ത്തിക്കുന്നതെന്നതിന്റെ തെളിവാണ്. ഇതോടടുത്താണ് വാളയാറിലും മണ്ണാര്‍ക്കാടിനടുത്ത തെങ്കരയിലും പുലികളെ സമീപവാസികള്‍ കണ്ടത്. ഇവിടെയും ജനം ആധിയിലാണ്. രാത്രി വനംവകുപ്പിന്റെ പ്രത്യേക നിരീക്ഷണം വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നതെങ്കിലും മതിയായ സുരക്ഷാസംവിധാനങ്ങളില്ലെന്നാണ് ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തുന്നത്. സംസ്ഥാനത്ത് ആനയുടെയും പുലിയുടെയും കടുവകളുടെയും ആക്രമണത്തില്‍ മനുഷ്യരും വളര്‍ത്തുമൃഗങ്ങളും കൊല്ലപ്പെട്ടിട്ടും വനംവകുപ്പോ സര്‍ക്കാരാകെയോ ഒരുതരത്തിലുള്ള പരിഹാരവും കാണുന്നില്ലെന്നത് ഖേദകരമാണ്. സര്‍ക്കാരിനെയല്ലാതെ മറ്റാരെയാണ് ഇക്കാര്യത്തില്‍ അവര്‍ ആശ്രയിക്കേണ്ടത്. കര്‍ഷകരും പാവപ്പെട്ടവരുമാണ് ഈ മേഖലയില്‍ അധികവും വസിക്കുന്നത്. നഷ്ടപരിഹാരം പ്രഖ്യാപിച്ചതുപോലും പലപ്പോഴും കിട്ടുന്നില്ലെന്ന പരാതിവേറെ.

വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളില്‍ പന്നിയുടെയും കാട്ടാനയുടെയും മയിലിന്റെയും വിളയാട്ടം കാരണം വ്യാപകമായ കൃഷിനാശം കൂടിയാണ് കര്‍ഷകര്‍ക്കും അനുഭവിക്കേണ്ടിവരുന്നത്. കഴിഞ്ഞ അഞ്ചിന് മൂന്നാര്‍പട്ടണത്തില്‍ ഓട്ടോഡ്രൈവര്‍ കാട്ടാനയുടെ ആക്രമണത്തില്‍നിന്ന ്കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഡിസംബറില്‍ പമ്പയിലും സമാനസംഭവമുണ്ടായി. കഴിഞ്ഞകൊല്ലം കേരളത്തില്‍ 70ഓളം മനുഷ്യരാണ് വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2014നും 2017നും ഇടയില്‍ രാജ്യത്ത് 1,144 പേര്‍ വന്യമൃഗങ്ങളാല്‍ കൊല്ലപ്പെട്ടു. പാമ്പു കടിയേറ്റതും ഇതിലുള്‍പ്പെടും. വന്യജീവികള്‍ ജൈവാവാസവ്യവസ്ഥക്ക് ഒരുതരത്തില്‍ ഗുണകരമാണെങ്കിലും അവയും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷം തടയുന്നതിനായി വേലി, മതില്‍, കിടങ്ങ് മുതലായ പ്രതിവിധികള്‍ വ്യാപകമായി സ്വീകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മനുഷ്യരില്ലാതായിട്ട് മൃഗങ്ങളെ സംരക്ഷിച്ചിട്ട് എന്തുകാര്യം?