News

റമസാനിലെ കുട്ടികളുടെ ഉറക്കം, ഭക്ഷണം പഠനം എങ്ങനെ മികച്ചതാക്കാം

By Manya

March 02, 2026

റമസാന്‍ എന്ന പുണ്യമാസം ഇസ്‌ലാമത വിശ്വാസികള്‍ക്ക് അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഉപവാസം അനുഷ്ഠിക്കല്‍ മാത്രമല്ല, മറിച്ച് ആത്മനിയന്ത്രണം, സഹനം, സഹോദരത്വം, ദാനധര്‍മ്മം എന്നിവയിലൂടെ ആത്മീയമായി വളരാനുള്ള ഒരു അവസരം കൂടിയാണ് ഈ കാലയളവ്. എന്നാല്‍, റമസാനില്‍ പരീക്ഷകള്‍ നേരിടേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയത്ത് പഠനവുമായും, അവരുടെ ഭക്ഷണരീതികളെകുറിച്ചും ഉറക്കത്തെ പറ്റിയും ഒട്ടേറെ സംശയങ്ങളും ആകുലതകളും നിലനില്‍ക്കാറുണ്ട്. ഉപവാസത്തിന്റെ ക്ഷീണം, ഇഫ്താര്‍, പ്രാര്‍ത്ഥനകള്‍ തുടങ്ങിയ ആരാധനാക്രമങ്ങള്‍ കാരണം പഠനത്തിനും ഉറക്കത്തിനും വേണ്ടി സമയം കണ്ടെത്തുന്നത് അല്‍പ്പം പ്രയാസകരമാകാറുണ്ട്. എന്നിരുന്നാലും, കൃത്യമായ ഒരു ടൈം ടേബിള്‍ തയ്യാറാക്കിയാല്‍ ആത്മിയ പ്രവര്‍ത്തനങ്ങള്‍ പഠനത്തിനോ മറ്റോ തടസ്സമാകാത്ത രീതിയില്‍ യോജിച്ചു പോകാന്‍ സാധിക്കാവുന്നതാണ്.

എങ്ങനെ ഈ വെല്ലുവിളികളെ മറികടക്കാം ഫലപ്രദമായ പഠനരിതി ആസൂത്രണം ചെയ്യുക

റമസാനില്‍ നിങ്ങളുടെ ദിനചര്യ മാറുമ്പോള്‍, പഠന സമയവും രീതികളും മാറ്റുന്നത് ഏറെ പ്രയോജനപ്പെടും പ്രഭാത ഭക്ഷണം സമയം മുതല്‍ പഠനത്തിന് ഫലപ്രദമായി ഉപയോഗിക്കാം. ഈ സമയത്ത് മനസ്സ് കൂടുതല്‍ ജാഗ്രതയും ഏകാഗ്രതയും പുലര്‍ത്തും. ഇതുമൂലം പഠിച്ചത് കൂടുതല്‍ നന്നായി മനസ്സിലാക്കാനും ഓര്‍ക്കാനും കഴിയും. അതേസമയം, പകല്‍ നേരത്ത് ചൂടും ക്ഷീണവും കാരണം പഠനം ബുദ്ധിമുട്ടാണെങ്കില്‍ അതിനനുസരിച്ച് പഠനം ക്രമീകരിക്കേണ്ടത് ആവശ്യമാണ്. ഉദാഹരണത്തിന്, വലിയ പാഠപുസ്തകങ്ങള്‍ അല്ലെങ്കില്‍ കഠിനമായ പഠനസാമഗ്രികള്‍ പകല്‍ സമയത്ത് വായിക്കാന്‍ ബുദ്ധിമുട്ടാകാം. അതിനാല്‍, പഠിക്കുന്നത് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന മറ്റു രീതികള്‍ പരീക്ഷിക്കാവുന്നതാണ്

ഗ്രൂപ്പ് സ്റ്റഡി

സുഹൃത്തുക്കളുമായി ചേര്‍ന്ന് ഗ്രൂപ്പ് സ്റ്റഡി നടത്തുന്നത് പഠനം രസകരമാക്കുകയും മോട്ടിവേഷന്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. വ്രതം അനുഷ്ടിച്ച് ഒറ്റയ്ക്ക് പഠിക്കുമ്പോള്‍ വരുന്ന മടുപ്പും നിരാശയും ഗ്രൂപ്പ് സ്റ്റഡിയില്‍ കുറയാന്‍ സാധ്യത വളരെ കൂടുതലാണ്. അതുകൂടാതെ, സുഹ്യത്തുക്കളുമായി ചേര്‍ന്ന് പഠിക്കുമ്പോള്‍ ഒരു മത്സരബോധം ഉണ്ടാകുകയും അത് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുകയും ചെയ്യും.

ഭക്ഷണ ക്രമം ശ്രദ്ധിക്കുക

ഭക്ഷണം കഴിക്കാന്‍ പരിമിതമായ സമയമേ ലഭിക്കുന്നുള്ളൂ എന്നതിനാല്‍ ഓരോ കലോറിയും പോഷകസമൃദ്ധമായിരിക്കണം. സുഹൂര്‍ (അത്താഴം): പകല്‍ മുഴുവന്‍ ഊര്‍ജ്ജം നിലനിര്‍ത്താന്‍ അത്താഴം ഒഴിവാക്കരുത്. ദീര്‍ഘനേരം വിശപ്പ് അനുഭവപ്പെടാതിരിക്കാന്‍ ഓട്‌സ്, ഗോതമ്പ് റൊട്ടി, കടല തുടങ്ങിയവ ഉള്‍പ്പെടുത്തുക. മുട്ട, പനീര്‍, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവ പ്രോട്ടീന്‍ ഉറപ്പാക്കും. ശരീരത്തെ തണുപ്പിക്കാന്‍ തൈരോ മോരോ ഉപയോഗിക്കുന്നത് നല്ലതാണ്. ഇഫ്താര്‍ (നോമ്പ് തുറ): ഈത്തപ്പഴവും വെള്ളവും ഉപയോഗിച്ച് തുടങ്ങുന്നത് തലച്ചോറിന് പെട്ടെന്ന് ഉന്മേഷം നല്‍കും. തണ്ണിമത്തന്‍, ഓറഞ്ച് തുടങ്ങിയ പഴങ്ങളും ഫ്രഷ് ജ്യൂസുകളും ജലാംശം വീ ണ്ടെടുക്കാന്‍ സഹായിക്കും. നോമ്പ് തുറന്ന ഉടന്‍ കനത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കി ലഘുവായ സൂപ്പുകള്‍ ശീലിക്കുക. ഒഴിവാക്കേണ്ടവ: എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ ദാഹം വര്‍ദ്ധിപ്പിക്കും. ചായ, കാപ്പി എന്നിവയുടെ അമിത ഉപയോഗം നിര്‍ജ്ജലീകരണത്തിന് കാരണമാകും.ഇഫ്താറിന് ശേഷം ഉടന്‍ പഠിക്കാന്‍ ശ്രമിക്കുന്നത് ക്ഷീണം വര്‍ദ്ധിപ്പിക്കും. ആദ്യം ഒരു ലഘുഭക്ഷണം കഴിച്ച് ശരീരത്തിന് ഊര്‍ജ്ജം നല്‍കുക. തുടര്‍ന്ന് 30-45 മിനിറ്റ് വിശ്രമിക്കുക. ഇതിനുശേഷം പഠനം ആരംഭിക്കുന്നത് ആകുന്നു ഉത്തമം. അതിനാല്‍, ലഘുവായ ഇടവേളകള്‍ എടുത്ത് ശേഷം പഠനം ആരംഭിക്കുക. നിസ്‌കാര സമയം കഴിഞ്ഞാല്‍ എത്രയും പെട്ടന്ന് ഉറങ്ങാന്‍ ശ്രമിക്കണം അത്താഴത്തിന് മുന്‍പ് ദിവസവും കുറഞ്ഞത് 4,5 മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രമിക്കണം. അതേപോലെ പകല്‍ സമയങ്ങളില്‍ പരീക്ഷ കഴിഞ്ഞ് വന്നാല്‍ 1 മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രമിക്കണം ഫോണ്‍ ഉപയോഗം കുറയ്ക്കുക: ഉറങ്ങുന്നതിന് മുന്‍പ് മൊബൈല്‍ ഒഴിവാക്കുന്നത് ആഴത്തിലുള്ള ഉറക്കം ലഭിക്കാന്‍ സഹായിക്കും. രാവിലത്തെ പഠനം: അത്താഴത്തിന് ശേഷമുള്ള സമയമാണ് (പുലര്‍ച്ചെ 4-7) കഠിനമായ വിഷയങ്ങള്‍ പഠിക്കാന്‍ ഏറ്റവും അനുയോജ്യം.

വിശ്രമത്തിന് പ്രാധാന്യം: പരീക്ഷാ ദിവസങ്ങളില്‍ ഉറക്കമൊഴിച്ചുള്ള ആരാധനകള്‍ക്ക് പകരം പഠനത്തിനും വിശ്രമത്തിനും മുന്‍ഗണന നല്‍കുക.

മാനസിക പിന്തുണ: പരിക്ഷയും നോമ്പും ഒരുമിച്ച് കൊണ്ടുപോകുന്ന കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ അമിത സമ്മര്‍ദ്ദം നല്‍കാതെ ആത്മവിശ്വാസം നല്‍കുക.

കാലാവസ്ഥയെ അനുസരിച്ച് പഠനം

കഴിഞ്ഞ വര്‍ഷത്തേത് പോലെ റംസാന്‍ മാസത്തില്‍ കേരളത്തിലെ കാലാവസ്ഥ ചൂടുള്ളതും വരണ്ടതുമാണ്. പകല്‍ താപനില 245 മുതല്‍ 33ഇ (75°F മു തല്‍ 91°F) വരെയാണ് പ്രതീക്ഷിക്കുന്നത്. ചൂടുള്ള കാലാവസ്ഥ ആയതിനാല്‍ കൂടുതല്‍ ക്ഷീണം അനുഭവപ്പെടാം. ഇത് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് തടസ്സമുണ്ടാക്കും. അതിനാല്‍ ഉപവാസം എടുക്കുന്ന കുട്ടികള്‍ പരമാവധി തണുപ്പുള്ള സ്ഥലത്ത് പഠിക്കാന്‍ ശ്രമിക്കുക. അത് ക്ഷീണം കുറയ്ക്കാനും കൂടുതല്‍ ഉന്മേഷം നല്‍കാനും സഹായിക്കുന്നു.

ആരോഗ്യം ശ്രദ്ധിക്കുക

റമസാന്‍ ഉപവാസം ആരംഭിക്കുന്നതിന് മുന്‍പ്, ഉപവാസം മൂലം വഷളാകാവുന്ന ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്ന് കുട്ടികള്‍ ഉറപ്പ് വരുത്തേണ്ടത് പ്രധാനമാണ്. ഏതെങ്കിലും തരത്തിലുള്ള മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കില്‍ അവര്‍ ഡോക്ടറുമായി കൂടിയാലോചിച്ചതിന് ശേഷം ഉപവാസത്തില്‍ ഏര്‍പെടാം.

ഉപവാസം അനുഷ്ഠിച്ച് പരീക്ഷയ് ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ആത്മിയവും പഠനപരവുമായ ലക്ഷ്യങ്ങള്‍ ഒരുപോലെ പരിപാലിക്കാന്‍ ഈ ടിപ്പുകള്‍ സഹായകമാകും.