അമിതവണ്ണവും കുടവയറും ഇന്ന് നിരവധിയാളുകളെ അലട്ടുന്ന പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ്. കായികാധ്വാനമുള്ള ജോലികള്‍ കുറയുകയും അതേസമയം കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും കൂടിയ ഭക്ഷണരീതി വര്‍ധിക്കുകയും ചെയ്തതോടെയാണ് അമിതവണ്ണക്കാരും കൂടിയത്. ഇന്ന് യുവാക്കള്‍ നേരിടുന്ന വലിയൊരു പ്രശ്‌നമായി അമിതവണ്ണവും കുടവയറും മാറിയിട്ടുണ്ട്.

അമിതവണ്ണം കുറയാന്‍ കുറുക്കുവഴികളില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിന് നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും മാത്രമാണ് വഴി. ശരീരഭാരം കുറക്കുമെന്ന നിശ്ചയദാര്‍ഢ്യത്തോടെ ജീവിതശൈലിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രമേ ശരീരഭാരവും കുടവയറും കുറക്കാന്‍ കഴിയുകയുള്ളൂ.

ഭക്ഷണനിയന്ത്രണമാണ് ഒന്നാമത്തെ കാര്യം. പോഷകസമൃദ്ധമായ ഭക്ഷണം ആവശ്യത്തിന് കഴിക്കുക. മധുരപലഹാരങ്ങളും എണ്ണയില്‍ പൊരിച്ചതും ഒഴിവാക്കണം. ഇടനേരത്ത് ചിപ്‌സുകളും മറ്റും കൊറിക്കുന്നത് വണ്ണം കൂടാന്‍ കാരണമാവും. ജങ്ക് ഫുഡുകള്‍ ഒഴിവാക്കണം. പുതിയ ഒരു ഭക്ഷണശീലം സൃഷ്ടിച്ചെടുത്താല്‍ മാത്രമേ വണ്ണം കുറയണമെന്ന ആഗ്രഹം സാധിക്കുകയുള്ളൂ.

വ്യായാമം പതിവാക്കണം. ഇതുവഴി ശരീരത്തിലെ വലിയ അളവ് കലോറി എരിഞ്ഞുതീരും. ആരോഗ്യകരമായ ശരീരം നിലനിര്‍ത്താനും കൃത്യമായ വ്യായാമം സഹായിക്കും. ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം പട്ടിണി കിടന്നാല്‍ തടി കുറയുമെന്ന് തെറ്റായ ധാരണയാണ്. ഇത് വിശപ്പിനും തളര്‍ച്ചക്കും കാരണമാവും. സമയത്ത് ആവശ്യത്തിന് ഭക്ഷണം കഴിക്കുകയാണ് വേണ്ടത്.

ഭാരം കുറക്കുന്നതില്‍ വെള്ളം കുടിക്ക് നിര്‍ണായക പങ്കുണ്ട്. ധാരാളം വെള്ളം കുടിച്ചാല്‍ വിശപ്പ് കുറയാനും അതുവഴി അമിത ഭക്ഷണം ഒഴിവാക്കാനും സാധിക്കും. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് ഭക്ഷണനിയന്ത്രണത്തെ സഹായിക്കും. ഇതുവഴി ഭാരം കുറക്കാനാവും.